Latest News

പെൺകുട്ടികളുടെ താലപ്പൊലി പോലെയാക്കിക്കൂടെ ആൺകുട്ടികളുടെ കുത്തിയോട്ടം; ശ്രീലേഖ

ആചാരവും അനുഷ്ഠാനവും ഒന്നും നിർത്തണ്ട. ഒരു ദിവസം മാത്രം, കുത്തുന്നതിനു പകരം അവിടെ കുങ്കുമം തേച്ചു പ്രതീകാത്കമായി ഒരു ചരട് കെട്ടി മാത്രം? എന്തിനീ ദിവസങ്ങളോളമുള്ള കഠിന വൃതവും ശരീരം കുത്തിമുറിക്കലും? കുറ്റകരമല്ല ഇത്?

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരെ ജയിൽ മേധാവി ആർ. ശ്രീലേഖ എഴുതിയ ബ്ലോഗ് വിവാദമായിരുന്നു. കുത്തിയോട്ടം ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്നാണ് ശ്രീലേഖ തന്റെ ബ്ലോഗിലൂടെ വിമർശിച്ചത്. ശ്രീലേഖയുടെ ലേഖനത്തെ കുറ്റപ്പെടുത്തി നിരവധി പേർ രംഗത്തെത്തിയിരുന്നു. കുത്തിയോട്ട നേർച്ച നടക്കുമെന്നായിരുന്നു ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രനും പ്രതികരിച്ചത്.

വിമർശനം ശക്തമായതോടെ ശ്രീലേഖ തന്റെ ഫെയ്സ്ബുക്ക് പേജിൽ ബ്ലോഗിനെക്കുറിച്ചുളള വിശദീകരണം എഴുതി. ”ഞാൻ ഒരു ബ്ലോഗ് രണ്ടു ദിവസം മുൻപ് എഴുതിയത് എനിക്ക് വല്ലാത്ത വിഷമം കിട്ടികളെക്കുറിച്ചു തോന്നിയത് കൊണ്ടാണ്. വീണ്ടും വീണ്ടും ദൈവത്തിന്റെ പ്രതീകമായ കുഞ്ഞുങ്ങൾ ഇത് സഹിക്കേണ്ടി വരുമല്ലോ എന്നോർത്തിട്ടാണ്. അതിൽ മതവും ജാതിയും ഒന്നുമില്ല. അതിൽ കാതുകുത്തും സുന്നത്തും ഒന്നും വരേണ്ട കാര്യവുമില്ല” ശ്രീലേഖ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ആചാരവും അനുഷ്ഠാനവും ഒന്നും നിർത്തണ്ട. പൊങ്കാല ഇനിയും കോടിക്കണക്കിനു സ്ത്രീകൾ വര്ഷം തോറും ദേവിക്ക് നൽകണം. പക്ഷെ പെൺകുട്ടികളുടെ താലപ്പൊലി പോലെയാക്കിക്കൂടെ ആൺകുട്ടികളുടെ കുത്തിയോട്ടവും? ഒരു ദിവസം മാത്രം, കുത്തുന്നതിനു പകരം അവിടെ കുങ്കുമം തേച്ചു പ്രതീകാത്കമായി ഒരു ചരട് കെട്ടി മാത്രം? എന്തിനീ ദിവസങ്ങളോളമുള്ള കഠിന വൃതവും ശരീരം കുത്തിമുറിക്കലും? കുറ്റകരമല്ല ഇത്?- ശ്രീലേഖ ചോദിച്ചു.

ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഒരു അപേക്ഷ മാത്രം-

ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന, ആചാര-അനുഷ്ഠാനങ്ങൾ ബഹുമാനിക്കുന്ന ഒരു ഹിന്ദു നായർ സ്ത്രീയാണ് ഞാൻ. സന്ധ്യക്ക്‌ വിളക്ക് കൊളുത്തി നാമം ചൊല്ലി വളർന്നവൾ. എന്നും ഇഷ്ടദൈവമായ ഗണപതിയെ ഓർക്കുകയും ഗണേശ പ്രാർത്ഥനകൾ മനസ്സിലെങ്കിലും ഉരുവിടുന്നവൾ. വർഷങ്ങളായി ആറ്റുകാൽ അമ്മയെ ആരാധിക്കുന്നവൾ.
ഞാൻ ഒരു ബ്ലോഗ് രണ്ടു ദിവസം മുൻപ് എഴുതിയത് എനിക്ക് വല്ലാത്ത വിഷമം കിട്ടികളെക്കുറിച്ചു തോന്നിയത് കൊണ്ടാണ്. വീണ്ടും വീണ്ടും ദൈവത്തിന്റെ പ്രതീകമായ കുഞ്ഞുങ്ങൾ ഇത് സഹിക്കേണ്ടി വരുമല്ലോ എന്നോർത്തിട്ടാണ്. അതിൽ മതവും ജാതിയും ഒന്നുമില്ല. അതിൽ കാതുകുത്തും സുന്നത്തും ഒന്നും വരേണ്ട കാര്യവുമില്ല. ബ്ലോഗിൽ കുറെ തെറ്റുണ്ടെന്ന് ചിലർ പറഞ്ഞു. അത് തിരുത്താനാണ് ഈ പോസ്റ്റ്. എന്ത് കാര്യത്തിനും രണ്ടു വശമുണ്ടാവും. പക്ഷെ കുട്ടികളോടുള്ള ക്രൂരതക്കും ഇതുണ്ടെന്നു ഇപ്പോഴാണ് ഞാൻ അറിയുന്നത്!
അഞ്ചല്ല, ഏഴു ദിവസമാണ് കുഞ്ഞുങ്ങളെ കുത്തിയോട്ടത്തിനായി ആറ്റുകാൽ അമ്മയുടെ നടക്കിരുത്തുന്നത് എന്ന് തിരുത്തുന്നു. ഇപ്രാവശ്യം 1000 അല്ല, 993 കുട്ടികളാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുന്നത് എന്നും തിരുത്തുന്നു. തിരുത്താനില്ലാത്തതു വീണ്ടും പറയാനാഗ്രഹിക്കുന്നു.ജയിലിൽ പോലും തടവുകാർക്ക് വസ്ത്രം ഉടുക്കാൻ നൽകുന്നു. ഷർട്ടും മുണ്ടും. ഇവിടെ കുട്ടികൾക്ക് വെറുമൊരു തോർത്ത് മാത്രം. അതുടുത്തുകൊണ്ടു കുളി, ഭക്ഷണം, നിലത്തു പായിൽ ഉറക്കം, 1008 സാഷ്ടാംഗപ്രണാമം ഒക്കെ ആ 7 നാളിൽ ചെയ്യണം. ജയിലുകളിൽ സ്ഥല പരിമിതി കാരണം 2 പേർക്ക് കിടക്കാനുള്ളിടത്തു ചിലപ്പോൾ 6 പേരെ കിടത്തും. ഇവിടെ ക്ഷേത്രാങ്കണത്തിൽ 2 മുറികളിൽ പായ വിരിച്ചു 993 കുട്ടികളെ അടുക്കി കിടത്തും. രാത്രി (പകൽ) ഒരു മണിവരെ ചെണ്ടമേളം ഈ മുറികൾക്ക് തൊട്ടടുത്താണ്. കൂടാതെ വെടിയൊച്ചയും. കുഞ്ഞുങ്ങൾ ഉറങ്ങുന്നത് അതിനു ശേഷമാവും. കാലത്തു 4 മണിക്ക് ഉണർത്തി അമ്പലക്കുളത്തിൽ കൊണ്ട് പോയി മുക്കിയെടുക്കും. ദർശനവും നമസ്ക്കാരവും കഴിഞ്ഞു കഞ്ഞിയും പയറും കഴിച്ചു വീണ്ടും പ്രദക്ഷിണവും ആരാധനയും. ഉച്ചക്ക് നിലത്തിരുന്നു ഇലയിൽ ചോറും കറിയും. രാത്രി അവിലും പഴവും പിന്നെ കരിക്കും. ഇല്ലാത്ത അസുഖങ്ങൾ പോലും കുട്ടികൾക്ക് ഉണ്ടാവാറില്ല സമയം. പേടിയും, ചന്നിയും, പന യും, ബോധക്ഷയവും, വിറയലും, ശ്വാസം മുട്ടലും ഒക്കെയായി അവിടെയുള്ള ഡോക്ടറുടെ അടുത്ത് ദിവസവും 60 കുട്ടികളെ കൊണ്ട് ചെല്ലാറുണ്ടെന്നു രജിസ്റ്റർ നോക്കിയാൽ മനസ്സിലാകും. കഴിഞ്ഞ 24-ന് ഫിറ്റസ് വന്ന ഒരു കുത്തിയോട്ട വൃതക്കാരനെ PRS ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌തിട്ടുണ്ട്‌. ഇനി നാളെ ഈ കുട്ടികൾക്ക് അനുഭവിക്കേണ്ടി വരുന്നത് കൂടി പറയാം. രാവിലെ 8 മണിക്ക് അവരെ ഒരു ഹാളിലേക്ക് കൊണ്ട് പോവും. ഭക്ഷണം നൽകില്ല, വെള്ളം കൊടുക്കും. പിന്നെ അലങ്കാരവും ചുട്ടികുത്തലുമാണ്. 12 മണിയാവുമ്പോൾ അവൽ, കരിക്ക് എന്നിവ നൽകും. ലിപ്സ്റ്റിക്ക് പോകുമെന്ന പേടിയിൽ പല കുട്ടികളും അതൊന്നും കഴിക്കില്ല. പൊങ്കാല കഴിയുന്നതുവരെ അവർക്കു റെസ്റ്റാണ്. സന്ധ്യ 6 മണിയാവുമ്പോഴാണ് ചൂരൽമുറി പ്രയോഗം. കുട്ടികളെ ബലിക്കല്ലിനിനു നേരെ നിർത്തി രണ്ടു വശത്തും ഒരു ചെറിയ ലോഹക്കമ്പി കൊണ്ട് തൊലി തുളച്ചെടുക്കും. അവരുടെ നിലവിളികൾ ചെണ്ട മേളത്തിന്റെ ഒച്ചയിൽ ആരും കേൾക്കില്ല. ആ കമ്പിയും മുറിവുമായി അവരെ രണ്ടു കിലോമീറ്റര് ദൂരം നടത്തിച്ചു അയ്യപ്പൻ ക്ഷേത്രത്തിൽ കൊണ്ട് പോവും. പിറ്റേന്ന് വെളുപ്പിനെ 3 മണിയോടെ തിരികെ നടത്തി ആറ്റുകാൽ ക്ഷേത്രത്തിലേക്ക്. പിന്നീട് ആണ് അവയുടെ തൊലിയിൽ നിന്നും ലോഹ ചൂരൽ മാറ്റുന്നതും ഭസ്മം തേച്ചു വിടുന്നതും. ഒരാഴ്ച നല്ല ഉറക്കവും ഭക്ഷണവും, വീട്ടിലെ അന്തരീക്ഷവും, സ്നേഹവും കിട്ടാതെ ഏതോ കാര്യത്തിന് ശിക്ഷയെന്ന പോലെ കഴിഞ്ഞു ശരീരം മുറിഞ്ഞു വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ ഒന്നോർത്തു നോക്കൂ?
ഇത് ഞാൻ ഓർത്തു പോയി. ഈ ക്രൂരത ഇനി മതിയെന്ന് തോന്നിപ്പോയി. അത്ര മാത്രം.
ആചാരവും അനുഷ്ഠാനവും ഒന്നും നിർത്തണ്ട. പൊങ്കാല ഇനിയും കോടിക്കണക്കിനു സ്ത്രീകൾ വർഷം തോറും ദേവിക്ക് നൽകണം. പക്ഷെ പെൺകുട്ടികളുടെ താലപ്പൊലി പോലെയാക്കിക്കൂടെ ആൺകുട്ടികളുടെ കുത്തിയോട്ടവും? ഒരു ദിവസം മാത്രം, കുത്തുന്നതിനു പകരം അവിടെ കുങ്കുമം തേച്ചു പ്രതീകാത്കമായി ഒരു ചരട് കെട്ടി മാത്രം? എന്തിനീ ദിവസങ്ങളോളമുള്ള കഠിന വൃതവും ശരീരം കുത്തിമുറിക്കലും? കുറ്റകരമല്ല ഇത്?
നിശബ്ദരായി എന്നോടൊപ്പം നിൽക്കുന്ന പലർ അയച്ചു തന്ന ചിത്രങ്ങളാണ് ഞാൻ ബ്ലോഗിൽ ഇട്ടത്. വീണ്ടും കിട്ടി കുറെ ചിത്രങ്ങൾ കൂടി. അത് ഞാൻ ഇവിടെ ഇടുന്നു. ഇനി നിങ്ങൾ പറയൂ, നമുക്കിതിൽ എന്ത് ചെയ്യാനാവും?

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Attukal pongala dgp r sreelekha facebook post

Next Story
ആദിവാസികളെ കൂട്ടായി താമസിപ്പിക്കാൻ സംസ്ഥാന സർക്കാർ പദ്ധതി
The moderation of comments is automated and not cleared manually by malayalam.indianexpress.com