തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല 17ന്. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പൊങ്കാല തര്‍പ്പണമെന്നു ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഉച്ചക്ക് 1.20നു പൊങ്കാല നിവേദിക്കും. നിവേദ്യത്തിനായി ക്ഷേത്രത്തില്‍നിന്നു പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ല.
പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ജനങ്ങള്‍ പാലിക്കണമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്കി കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ.നവ്ജ്യോത്ഖോസ കഴിഞ്ഞയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ക്ഷേത്രാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രൗണ്ട്, കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലും ഇത് ബാധകമായിരിക്കും.
Also Read: ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; രണ്ട് കുട്ടികള്‍ക്ക് പൊള്ളലേറ്റു
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തണമെന്നും പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല അനുവദിക്കില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ക്ഷേത്രത്തില്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ദര്‍ശനത്തിന് എത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ ഹാജരാക്കണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം പ്രവേശിക്കാം. വോളണ്ടിയര്‍മാര്‍ക്കും നിര്‍ദേശം ബാധകമാണ്.
രോഗലക്ഷണമുള്ളവര്‍ക്കു ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം അനുവദിക്കില്ല. ക്ഷേത്രത്തിനുള്ളിലും പരിസരത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം.
സാമൂഹിക അകലം പാലിക്കുന്നതിന്, കൃത്യമായ അകലം നിശ്ചയിച്ച് വൃത്താകൃതിയില്‍ നിലത്ത് അടയാളപ്പെടുത്തണം. ഭക്തജനങ്ങള്‍ ഈ അടയാളങ്ങളില്‍ മാത്രം നില്‍ക്കുന്നതിന് സംഘാടകര്‍ നിര്‍ദേശം നല്‍കണം. ക്യൂ, ബാരിക്കേഡുകള്‍ എന്നീ സംവിധാനങ്ങളിലൂടെ പൊലീസും സംഘാടകരും ആള്‍ക്കൂട്ടം നിയന്ത്രിക്കണം. ആചാരപ്രകാരമല്ലാത്ത പരിപാടികള്‍ അനുവദിക്കില്ല.
ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ മുഴുവന്‍ സമയവും കോവിഡ് പ്രോട്ടോക്കോള്‍ (മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം) പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.