കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച കേസിൽ സർക്കാർ നഷ്ടപരിഹാരം നൽകേണ്ടതല്ലേ എന്ന് ഹൈക്കോടതി. സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റീസ് പി.ബി.സുരേഷ് കുമാർ അധ്യക്ഷനായ ബഞ്ചിന്റെ പരാമര്‍ശം.
നഷ്ടപരിഹാരം നൽകേണ്ടത് ഉദ്യോഗസ്ഥയാണന്നും സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള വീഴ്ച കൊണ്ടല്ല സംഭവം ഉണ്ടായതെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വ്യക്തമാക്കി. നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ലന്നും ഉദ്യേഗസ്ഥയുടെ വ്യക്തിപരമായ വീഴ്ച സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേര്‍ത്തു.
ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരമായും 25,000 രൂപ കോടതിച്ചിലവും നൽകണമെന്ന സിംഗിൾ ബഞ്ചിന് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്. പെൺകുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നത്.
പെൺകുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നുള്ള കോടതിയുടെ നിർദേശം അനാവശ്യവും നിയമവിരുദ്ധവുമാണന്ന് സർക്കാർ ബോധിപ്പിച്ചു. കേസ് മധ്യവേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് വനിതാ പൊലീസുകാരി അപമാനിച്ചെന്നും സ്റ്റേഷനിലെത്തിച്ച് ദേഹപരിശോധന നടത്തിയെന്നും മാനസികാഘാതത്തിന് ചികിൽസ തേടിയെന്നും ചൂണ്ടിക്കാട്ടി 50 ലക്ഷം നഷ്ടപരിഹാരം തേടിയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്.
ആറ്റിങ്ങല്‍ സ്വദേശിയായ ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകളും ഓഗസ്റ്റ് 27നാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ അവഹേളത്തിനിരയായത്. പൊലീസ് വാഹനത്തില്‍നിന്ന് തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ നടപടി. ഐസ്ആര്‍എഒയുടെ തിരുവനന്തപുരം കേന്ദ്രത്തിലേക്കു കൂറ്റന്‍ ചേംബറുകളുമായി വാഹനം പോകുന്നത് കാണാനെത്തിയതായിരുന്നു ജയചന്ദ്രനും മകളും.
Also Read: കേന്ദ്ര ജീവനക്കാരുടെ ഡിഎ മൂന്നു ശതമാനം വര്‍ധിപ്പിച്ചു; ജനുവരി ഒന്നു മുതല്‍ പ്രാബല്യം