/indian-express-malayalam/media/media_files/uploads/2021/08/attingal-police.jpg)
കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് ആറ്റിങ്ങലില്‍ എട്ടു വയസുകാരിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം കൊടുത്തേ മതിയാവൂയെന്ന് ഹൈക്കോടതി. നമ്പിനാരായണനു കൊടുത്തതു പോലെ നഷ്ടപരിഹാരം നല്‍കണമെന്നാണു കോടതി പറഞ്ഞിരിക്കുന്നത്.
നഷ്ടപരിഹാരം കൊടുക്കാനാവുമോയെന്നും എത്രയെന്നും സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിക്കണം. സര്‍ക്കാരില്‍നിന്ന് നഷ്ടപരിഹാരം തേടി പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കുട്ടിയുടെ പിതാവ്, അദ്ദേഹത്തിനുണ്ടായ നഷ്ടം നിയമപരമായി നേടയെടുക്കട്ടെയെന്നും കോടതി പറഞ്ഞു.
കുട്ടിക്കു മാനസിക പിന്തുണ നല്‍കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതു മാത്രമാണോ കുട്ടിക്ക് ആവശ്യം? നീതി കിട്ടിയെന്ന് കുട്ടിക്കു തോന്നണം.
കേസ് വെള്ളപൂശാനാണ് പൊലീസ് ശ്രമിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതുകൊണ്ട് പരിഹാരമാവവുമോ? ഉദ്യോഗസ്ഥയെ ഡിജിപി ഇങ്ങനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അത് അവര്‍ക്ക് ദൂഷ്യം ചെയ്യും.
Also Read: കുപ്പിവെള്ളത്തിന്റെ വില കുറച്ച സർക്കാർ നടപടിക്ക് ഹൈക്കോടതി സ്റ്റേ
പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തിയ ശേഷം കുട്ടി കരഞ്ഞില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ആരെ സംരക്ഷിക്കാനാണ്? വിഡിയോ ദൃശ്യങ്ങളില്‍ കാര്യങ്ങള്‍ വ്യക്തമാണ്. ജനം കൂടിയപ്പോഴാണ് കുട്ടി കരഞ്ഞതെന്ന് ഡിജിപി പറയുന്നത് തെറ്റാണ്. സര്‍ക്കാര്‍ പ്ലീഡര്‍ വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും കോടതി പറഞ്ഞു.
കുട്ടിയെ പരിശോധിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായി കോടതിയെ കാര്യങ്ങള്‍ ബോധിപ്പിച്ചു.
സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മാപ്പപേക്ഷിച്ചിരുന്നു. എന്നാല്‍ മാപ്പപേക്ഷ സ്വീകരിക്കില്ലെന്നു പെണ്‍കുട്ടി കോടതിയെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കാമായിരുന്നിട്ടും അത് ചെയ്യുന്നില്ലെന്നും പെണ്‍കുട്ടി ബോധിപ്പിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
ആറ്റിങ്ങല്‍ സ്വദേശിയായ ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകളും ഓഗസ്റ്റ് 27നാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ അവഹേളത്തിനിരയായത്. സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം തേടിയാണു പെണ്‍കുട്ടി ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.