കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്കു നഷ്ടപരിഹാരം നൽകാനാവില്ലെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലന്ന് ഹൈക്കോടതി. സർക്കാർ തീരുമാനം ആശ്ചര്യപ്പെടുത്തുന്നതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ അഭിപ്രായപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്നും സാക്ഷികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയും പിതാവും ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ബോധപൂർവം മോശമായ പെരുമാറ്റമുണ്ടായിട്ടില്ല. മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടുവെന്ന തെറ്റിദ്ധാരണയാണ് സംഭവങ്ങൾക്കു കാരണമായത്. പെൺകുട്ടി മാനസികാഘാതത്തിൽനിന്നു മുക്തയായതായി ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടുണ്ട്. കോടതി ഇതു കണക്കിലെടുക്കണമെന്നും സർക്കാർ ബോധിപ്പിച്ചു.
പെൺകുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. പൊലീസിന്റെ ഭാഗത്ത് നിയമലംഘനം ഉണ്ടായിട്ടില്ല. നഷ്ടപരിഹാരം നൽകുന്നത് പൊലീസിനെ ബാധിക്കും. ജനം നിയമം കയ്യിലെടുക്കും. അനാവശ്യ പരാതികൾ ഉയരും. പൊലീസ് ഉദ്യോഗസ്ഥക്കെതിതെ നടപടി എടുത്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
കുട്ടി കരഞ്ഞത് എന്തിനാണെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കോടതി സംഭവത്തിന്റെ വിഡിയോ ഹാജരാക്കാൻ നിർദേശിച്ചു. സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന പെൺകുട്ടിയുടെ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ബുധനാഴ്ച വീണ്ടും പരിഗിക്കും.
Also Read: സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍; ആകെ രോഗബാധിതര്‍ 15
പെൺകുട്ടിക്കു നഷ്ടപരിഹാരം നൽകണമെന്നും എത്ര നൽകാനാവുമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ നിലപാട് അറിയിച്ചത്.
കുട്ടിക്കു മാനസിക പിന്തുണ നല്‍കാമെന്നാണ് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ സര്‍ക്കാര്‍ പറഞ്ഞത്. എന്നാൽ അതു മാത്രമാണോ കുട്ടിക്ക് ആവശ്യമെന്നും ചോദിച്ച കോടതി, നീതി കിട്ടിയെന്ന് കുട്ടിക്കു തോന്നണമെന്നു പറഞ്ഞിരുന്നു.
കേസ് വെള്ളപൂശാനാണ് പൊലീസ് ശ്രമിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതുകൊണ്ട് പരിഹാരമാവവുമോയെന്നും കോടതി ചോദിച്ചിരുന്നു.
പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തിയ ശേഷം കുട്ടി കരഞ്ഞില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ആരെ സംരക്ഷിക്കാനാണെന്നും ചോദിച്ച കോടതി, വിഡിയോ ദൃശ്യങ്ങളില്‍ കാര്യങ്ങള്‍ വ്യക്തമാണെന്നു പറഞ്ഞിരുന്നു. ജനം കൂടിയപ്പോഴാണ് കുട്ടി കരഞ്ഞതെന്ന് ഡിജിപി പറയുന്നത് തെറ്റാണ്. സര്‍ക്കാര്‍ പ്ലീഡര്‍ വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും കോടതി പറഞ്ഞു.