മറയൂർ ശർക്കര ഉൽപ്പാദകർക്കും കർഷകർക്കും മധുരത്തിന്റെ നാളുകൾ

മറയൂര്‍ ശര്‍ക്കരയ്ക്കു ഭൗമശാസ്ത്രസൂചിക ലഭിക്കാനുളള ശ്രമങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്

marayoor jaggery, GI, idukki,

മറയൂർ (ഇടുക്കി) : ലോകത്തിനു മധുരം പകര്‍ന്നു നല്‍കി നഷ്ടത്തിന്റെ കയ്പുനീര്‍ കുടിക്കാന്‍ മാത്രം കാലങ്ങളായി വിധിക്കപ്പെട്ട മറയൂരിലെ ശർക്കര ഉൽപ്പാദകർക്കും കരിമ്പു കര്‍ഷകര്‍ക്ക് ഇതു പ്രതീക്ഷയുടെ കാലം. മറയൂര്‍ ശര്‍ക്കരയ്ക്ക് ആദ്യമായി കര്‍ഷകര്‍ക്കു കിലോയ്ക്ക് 70 രൂപ മുതല്‍ 80 രൂപവരെ വില ലഭിക്കാന്‍ തുടങ്ങിയിരിക്കുന്നു. വരള്‍ച്ചയും ഉല്‍പ്പാദനക്കുറവും സൃഷ്ടിച്ച പ്രതിസന്ധി മികച്ച വില ലഭിക്കുന്നതിലൂടെ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഇവിടത്തെ കര്‍ഷകര്‍. പരമ്പരാഗത രീതിയില്‍ തയാറാക്കുന്നതാണ് മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ അറിയപ്പെടുന്ന ഉണ്ട ശര്‍ക്കര. കൈ ഉപയോഗിച്ചു ചൂടോടെ ഉരുട്ടിയെടുത്താണ് മറയൂര്‍ ശര്‍ക്കര ഉണ്ടാക്കുന്നത്.

marayoor jaggery, agriculture, kau
മറയൂർ ശർക്കര

മുന്‍വര്‍ഷങ്ങളില്‍ മുപ്പതു മുതല്‍ നാല്‍പ്പതു രൂപവരെ വില ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ കിലോയ്ക്ക് 70 മുതല്‍ 80 രൂപ വരെ വില ലഭിക്കുന്നത്. കഴിഞ്ഞ ഓണക്കാലം മുതല്‍ക്കു തന്നെ മറയൂര്‍ ശര്‍ക്കരയ്ക്ക് നേരിയ തോതിൽ വില കൂടാന്‍ തുടങ്ങിയിരുന്നു. ഓണക്കാലത്ത് 55 മുതല്‍ 60 രൂപവരെയാണ് കര്‍ഷകര്‍ക്കു വില ലഭിച്ചത്. ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ സംഭരിച്ചു വില്‍പ്പനയ്‌ക്കെത്തിച്ച മറയൂര്‍ ശര്‍ക്കരയ്ക്കു മികച്ച വില്‍പ്പനയാണ് ലഭിച്ചതും. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ മറയൂര്‍ ശര്‍ക്കര സംഭരിച്ചു വിതരണം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാറും ഉറപ്പുനല്‍കിയിരുന്നു. ഇത്തരം നടപടികൾക്കു പിന്നാലെയാണ് ശര്‍ക്കരയുടെ വില വര്‍ധവുണ്ടാകുന്നതും

വര്‍ഷങ്ങളായി ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കിലും ഇപ്പോഴാണ് ഞങ്ങള്‍ക്ക് കരിമ്പു കൃഷിയിലൂടെ മികച്ച വരുമാനം ലഭിക്കുന്നത്. വര്‍ഷങ്ങളായി വിലത്തകര്‍ച്ച മൂലമുള്ള പ്രതിസന്ധി അനുഭവിക്കുകയായിരുന്നു ഞങ്ങള്‍. ഇപ്പോള്‍ മറയൂരും കാന്തല്ലൂരും സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികളും വ്യാപകമായി ശര്‍ക്കര വാങ്ങാന്‍ താല്‍പര്യം കാട്ടുന്നുണ്ട്. മറയൂര്‍ ശര്‍ക്കര കെമിക്കലുകള്‍ ചേരാത്തതാണെന്നും മികച്ച ഗുണമേന്മയില്‍ തയാറാക്കുന്നതാണെന്നുമുള്ള യാഥാര്‍ഥ്യം പൊതുസമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. വരള്‍ച്ച മൂലം ഉല്‍പ്പാദനത്തില്‍ കുറവുണ്ടായിട്ടുണ്ടെണ്ടിലും മികച്ച വില ലഭിക്കുന്നതിനാല്‍ കാര്യമായ പ്രതിസന്ധിയില്ലായെന്നതാണ് യാഥാര്‍ഥ്യം.” മികച്ച വില ലഭിച്ചാല്‍ നിരവധി കര്‍ഷകര്‍ വീണ്ടും കരിമ്പുകൃഷി ഉപജീവന മാര്‍ഗമായി തെരഞ്ഞെടുക്കുമെന്നുറപ്പാണ്.” കാന്തല്ലൂരിനു സമീപം വെട്ടുകാട് മറയൂര്‍ ശര്‍ക്കര ഉല്‍പ്പാദന കേന്ദ്രം നടത്തുന്ന ഓമന പറയുന്നു.

marayoor jaggery, farmers, agriculture

മറയൂര്‍ ശര്‍ക്കരയ്ക്കു ഭൗമശാസ്ത്ര സൂചിക (ജി ഐ​)ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. മണ്ണൂത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ സി ആര്‍ എല്‍സിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞയാഴ്ച മറയൂരിലെത്തി കര്‍ഷകരില്‍ നിന്നു ശര്‍ക്കരയുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഈ സാമ്പിള്‍ പരിശോധിച്ചശേഷം മറയൂര്‍ ശര്‍ക്കരയുടെ തനതായ വ്യത്യസ്തത കണ്ടെത്തി ഇതു പേറ്റന്റിനായി സമര്‍പ്പിക്കാനാണ് കാര്‍ഷിക ഗവേഷണ കേന്ദ്രം അധികൃതര്‍ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടില്‍ നിന്നു വിപണിയിലെത്തുന്ന ശര്‍ക്കരയുടെ സാമ്പിളുകളും ഇതോടൊപ്പം അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. രണ്ടു തരത്തിലുള്ള ശര്‍ക്കരയും പരിശോധനയ്ക്കു വിധേയമാക്കി മറയൂര്‍ ശര്‍ക്കരയുടെ തനതായ വ്യത്യസ്തത കണ്ടെത്താനാണ് പദ്ധതിയിടുന്നതെന്നും അധികൃതര്‍ പറയുന്നു. തമിഴ് നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ നിന്നു വ്യത്യസ്തമായി മറയൂര്‍ ശര്‍ക്കരയില്‍ മധുരത്തിന്റെ അംശം കൂടുതലാമെന്നു കര്‍ഷകര്‍ പറയുന്നു.

മറയൂര്‍ ശര്‍ക്കരയ്ക്കു കൂടുതല്‍ വിപണി കണ്ടെത്താനും വിനോദ സഞ്ചാരികള്‍ക്കു കൂടുതല്‍ അറിവു ലഭ്യമാക്കാനും ലക്ഷ്യമിട്ട് മറയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മറയൂര്‍ ശര്‍ക്കര മ്യൂസിയവും ഉല്‍പ്പാദന കേന്ദ്രവും നിര്‍മിക്കാനുള്ള പദ്ധതികളും അണിയറയില്‍ നടക്കുന്നുണ്ട്. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് 2500 ഏക്കറോളം സ്ഥലത്തായി മറയൂരിലും പരിസര പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളായ മാശി, പട്ടം കോളനി, മേലാടി, വെട്ടുകാട് എന്നിവിടങ്ങളില്‍ കരിമ്പുകൃഷിയുണ്ടായിരുന്നു. എന്നാല്‍ വിലത്തകര്‍ച്ചയും വിപണി ഇല്ലാതായതും മൂലം ഭൂരിഭാഗം കര്‍ഷകരും കരിമ്പുകൃഷി ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ ഏതാണ്ട് 1200 ഏക്കറില്‍ താഴെ സ്ഥലത്തുമാത്രമാണ് കരിമ്പു കൃഷിയുള്ളത്. അതേസമയം മറയൂര്‍ ശര്‍ക്കരയ്ക്കു പ്രചാരവും വിലയും വര്‍ധിക്കുന്നതു കര്‍ഷകര്‍ക്കു പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. നാളെകളിലും കൂടുതല്‍ പേര്‍ ഈ കൃഷി തുടരുമെന്ന പ്രതീക്ഷ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Attempts on to get geographical index marayur sarkara

Next Story
മദ്യനയം ജൂൺ മാസം പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രിtp ramakrishnan, excise minister
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express