അട്ടപ്പാടി: മോഷണ കുറ്റം ആരോപിച്ച് നാട്ടുകാർ ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം ആരംഭിച്ചു. ഒറ്റപ്പാലം സബ് കലക്‌ടറായ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രണ്ടുപേരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. അടുത്തമാസം ആദ്യവാരത്തോടെ അന്വേഷണ റിപ്പോർട്ട് ജില്ലാ കലക്‌ടർക്ക് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
മധു കൊല്ലപ്പെട്ട ശേഷം പരിശോധന നടത്തിയ അഗളി സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ.ലിമ ഫ്രാൻസിസിന്‍റെയും മധുവിന്‍റെ സഹോദരിയായ ചന്ദ്രികയുടെ ഭർത്താവ് മുരുകന്‍റെയും മൊഴിയാണ് രേഖപ്പെടുത്തിയത്.
പ്രാഥമികാന്വേഷണ റിപ്പോർട്ടും മധുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും അടക്കമുളള രേഖകൾ പരിശോധിക്കും. ഇതിന് ശേഷമേ റിപ്പോർട്ട് കലക്‌ടർക്ക് സമർപ്പിക്കൂ. ഇത് പിന്നീട് മനുഷ്യാവകാശ കമ്മിഷനും കൈമാറും.
അഗളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസ് അന്വേഷിച്ച് 86 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു.16 പേർ പ്രതികളായ കേസിന്‍റെ കുറ്റപത്രം മണ്ണാർക്കാട് എസ്‌സി/ എസ്‌ടി പ്രത്യേക കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.