പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദനത്തെ തുടർന്ന് കൊലപ്പെട്ട മധുവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. നെഞ്ചിലും ദേഹത്തും മർദ്ദനമേറ്റ പാടുകളുണ്ടെന്ന് റിപ്പോർട്ടിലൂടെ തെളിഞ്ഞു. സംഭവത്തിൽ 11 പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇനി എട്ടു പേരുടെ അറസ്റ്റുകൂടി രേഖപ്പെടുത്താനുണ്ടെന്ന് പൊലീസ് അറിയിച്ചു.

അതേസമയം മധുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മധുവിന്റെ വീട്ടിൽ ഇന്ന് രാഷ്ട്രീയ പ്രമുഖര്‍ സന്ദര്‍ശനം നടത്തും. മന്ത്രി എകെ ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ ഇന്ന് അട്ടപ്പാടിയിലെത്തും.

എട്ടോളം പേര്‍ ഇന്നലെ പൊലീസില്‍ കീഴടങ്ങിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്മാർട്ടം. ഉച്ചയോടെ മൃതദേഹം മധുവിന്റെ ഊരായ കടുക്‍മണ്ണയില്‍ എത്തിക്കും. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഗളി പൊലീസ് സ്റ്റേഷന് മുന്നില്‍ ആദിവാസി സംരക്ഷണ സമിതി ആരംഭിച്ച രാപ്പകല്‍ സമരം പുരോഗമിക്കുകയാണ്. ഇന്നും അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ റോഡ് ഉപരോധിക്കുന്നതടക്കമുള്ള കര്‍ശന സമരമുറകളിലേക്ക് കടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ