/indian-express-malayalam/media/media_files/uploads/2019/10/maoist-kerala.jpg)
തിരുവനന്തപുരം: അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടൽ തന്നെയെന്ന് സിപിഐ റിപ്പോർട്ട്. പാര്‍ട്ടി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, പി.പ്രസാദ്, മുഹമ്മദ് മുഹസിൻ എംഎൽഎ എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് നിയമസഭയിലെത്തി സമർപ്പിച്ചത്.
സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം വേണമെന്ന് അന്വേഷണ റിപ്പോര്‍ട്ടിൽ സിപിഐ ആവശ്യപ്പെടുന്നു. മഞ്ചിക്കണ്ടി സന്ദര്‍ശിച്ച സംഘം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് കൈമാറിയിരുന്നു.
Read More: മാവോയിസ്റ്റ് വിഷയം: പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ
അതേസമയം, അട്ടപ്പാടി സംഭവത്തില്‍ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഎം മുഖപത്രം ദേശാഭിമാനി മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. മാവോയിസ്റ്റ് ഭീകരതയെ നിസ്സാരവത്കരിച്ച് പോലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മാവോയിസ്റ്റ് ഭീകരതയെ നിസ്സാരവല്‍ക്കരിച്ച് പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് മുഖപ്രസംഗം ചോദിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടംചെയ്യുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
വിഷയത്തില്‍ പൊലീസ് നടപടിയെ കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയിൽ ന്യായീകരിച്ചിരുന്നു. അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പൊലീസിനു വീഴ്ചപറ്റിയിട്ടില്ലെന്നായിരുന്നു അദ്ദേഹം സഭയിൽ പറഞ്ഞത്.
വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന വാദം പിണറായി പൂർണമായി തള്ളി. മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട ആവശ്യമില്ലെന്ന് പിണറായി പറഞ്ഞു. സിആർപിഎഫിനെ രാജ്യമെമ്പാടും വെടിവച്ചവരെ പരിശുദ്ധാത്മാക്കളാക്കേണ്ട. ഈ സ്ഥിതി കേരളത്തിലും വരണമെന്നാണോ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി സഭയിൽ ചോദിച്ചു.
ഏഴു പേരെ വെടിവച്ചു കൊന്നതിലുള്ള കുറ്റബോധം കൊണ്ടാണ് പിണറായി വിജയൻ ദീർഘനേരം പ്രസംഗിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള മറുപടിയായി പറഞ്ഞത്. അന്നും ഇന്നും മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന നിലപാട് കോൺഗ്രസിനില്ലെന്നും ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കുകയുണ്ടായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.