ഒരു ഭൂമികയുടെ തലയെടുപ്പും കാവലാളുമാണു മല്ലീശ്വരമുടി. പാലക്കാട് അട്ടപ്പാടിയില്‍, 4000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മല്ലീശ്വര മുടി പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. അട്ടപ്പാടിയിലെ ആദിവാസി ജനതയ്ക്കു മല്ലീശ്വരമുടിയെന്നാല് ദൈവമാണ്. അവര്‍ മല്ലീശ്വര മുടിയെ ശിവനായും ഭവാനി നദിയെ പാര്വതിയുമായാണു കാണുന്നത്. ശിവന്റെ തിരുമുടി എന്നാണു മല്ലീശ്വര്വര മുടിയുടെ അര്‍ഥം. അട്ടപ്പാടിയിലെ കാലാവസ്ഥയില്‍ നിര്‍ണായക പങ്കാണു മല്ലീശ്വര മുടിക്കുളളത്.

മല്ലീശ്വര മുടി
മല്ലീശ്വര മുടിയുമായി ബന്ധപ്പെട്ട് നിരവധി ആചാരനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മുടിയുടെ താഴ്വാരത്ത് ചെമ്മണ്ണൂരിലെ മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം പ്രശസ്തമാണ്. ഭവാനിപ്പുഴയോരത്താണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ടുനാളാണ് അട്ടപ്പാടിക്കാർക്കു ശിവരാത്രി ആഘോഷം.

അട്ടപ്പാടി മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം
ആദിവാസി ഇരുള വിഭാഗത്തിന്റെ ആരാധനാലയമാണെങ്കിലും മറ്റു ഗോത്ര വിഭാഗക്കാരും ക്ഷേത്രത്തിലെത്താറുണ്ട്. കൃഷിയും കാലിമേച്ചിലും ഉപജീവനമാക്കിയ ഇരുള വിഭാഗക്കാര്‍ തമിഴ്നാട്ടിലെ നീലഗിരിമലകളില്നിന്നു കുടിയേറിയവരാണെന്നാണു പറയപ്പെടുന്നത്.

ഉത്സവനാളിൽ കാളകളുടെ രൂപങ്ങൾ വിൽപ്പനയ്ക്കു വച്ചവർ
മുടിയും ശിവരാത്രി ആഘോഷവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. അട്ടപ്പാടിയിലെ നൂറ്റമ്പതോളം ആദിവാസി കോളനിവാസികളും പുറത്തുനിന്നുള്ളവരുമായി ആയിരങ്ങളാണു ശിവരാത്രി നാളില്‍ അട്ടപ്പാടിയിലെത്തുക.

ഊരുകളിൽനിന്ന് ക്ഷേത്രത്തിലെത്തിയ ആഘോഷവരവുകളിലൊന്ന്
വിവിധ ആദിവാസി ഊരുകളിൽനിന്നുള്ളവർ നൂറുകണക്കിന് സംഘങ്ങളായി പെരുമ്പറ ഉൾപ്പെടെയുള്ള വാദ്യഘോഷങ്ങളുമായി ശിവരാത്രി നാളിൽ വൈകുന്നേരത്തോടെ ക്ഷേത്രത്തിലെത്തും. ഇക്കൂട്ടത്തിൽ ശിവവേഷം ധരിച്ച ജടാധാരികളുമുണ്ടാകും. ഊരുകളിൽനിന്ന് ആചാരത്തിന്റെ ഭാഗമായി നിരവധി രഥങ്ങൾ വൈകുന്നേരത്തോടെ ക്ഷേത്രത്തിലെത്തും.

ആചാരത്തിന്റെ ഭാഗമായി ഊരുകളിൽനിന്ന് ക്ഷേത്രത്തിലേക്കെത്തിയ രഥവരവ്
മല്ലീശ്വരനാണു ക്ഷേത്രിലെ പ്രധാന പ്രതിഷ്ഠ. ഉപപ്രതിഷ്ഠകളായി ഭഗവതിയും വനദേവതകളുമുണ്ട്. ശിവരാത്രി ആഘോഷത്തിലെ ആചാരങ്ങളിൽ പുരുഷന്മാർക്കെന്ന പോലെ സ്ത്രീകൾക്കും പങ്കുണ്ട്. സ്ത്രീകളുടെ കലശ മുല്ലപ്പൂ വഴിപാട് ശ്രദ്ധേയമാണ്. ചുവന്ന തുണികൊണ്ട് വായമൂടിക്കെട്ടിയ കുടങ്ങൾക്കുമുകളിൽ മുല്ലപ്പൂ ക്ഷേത്രത്തിലേക്കു കൊണ്ടുവരുന്നു. പാർവതിക്കു ചൂടാനാണു മുല്ലപ്പൂ കൊണ്ടുവരുന്നതെന്നതാണു സങ്കൽപ്പം.

മുല്ലപ്പൂ വരവ്
കാളകളെ നേര്ച്ചകൊടുക്കുന്നതാണു ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആചാരം. വിവിധ ഊരുകളില്‍നിന്നുള്ളവര്‍ നേര്‍ച്ചയായി നല്കുന്ന കാളകളെ ലേലം ചെയ്തു വില്ക്കുന്നതാണു രീതി.

നേർച്ചക്കാളയുമായി ക്ഷേത്രത്തിലെത്തുന്നവർ
ഇതുപോലെ, മറ്റൊരു ശ്രദ്ധേയമാണു ക്ഷേത്രത്തിലെ തുവരവിത്ത് വിതറല്‍. ഊരുകളില്‍ കൃഷിചെയ്യുന്ന തുവരവിത്തുകള് ഇടയ്ക്കിടെ ക്ഷേത്രത്തില്‍ വിതറും. ഇതു പെറുക്കിയെടുക്കാന്‍ സ്ത്രീകളും കുട്ടികളും തിരക്കുകൂട്ടും.

ക്ഷേത്രത്തിൽ വിതറിയ തുവരവിത്ത് ശേഖരിക്കുന്നവർ
മല്ലീശ്വരമുടിയില്‍ തെളിയുന്ന ശിവജ്യോതി കണ്ടാണ് ആദിവാസികള്‍ ശിവരാത്രി വ്രതം മുറിക്കുക. അസ്തമയ സമയത്താണു ജ്യോതി തെളിയിക്കുക. മലമ്പൂജാരികള്‍ എന്നു വിളിക്കുന്ന 41 ദിവസം വ്രതമെടുത്ത ആദിവാസി പുരുഷന്മാര് മുളം കുറ്റികളും വിളക്കുതെളിയിക്കാനുള്ള നെയ്യും പൂജാദ്രവ്യങ്ങളുമായി ശിവരാത്രി ദിവസം രാവിലെ ഭവാനി നദി കടന്ന് മലകയറാന്‍ തുടങ്ങും. ഈ മുളം കുറ്റികളിലാണു മുടിയിലെ പൂജയ്ക്കുശേഷം തീര്‍ഥം കൊണ്ടുവരിക.

ജ്യോതി തെളിയിക്കാനായി മല്ലീശ്വര മുടി കയറുന്ന വ്രതമെടുത്ത പൂജാരികൾ
അന്യപ്രദേശങ്ങളിലുള്ളവർക്കും സ്ത്രീകൾക്കും മലമുകളിലേക്കു പ്രവേശനമില്ല. മലമ്പൂജാരികള്‍ വൈകുന്നേരത്തോടെ മുടിയുടെ ഏറ്റവും മുകളിലെത്തി പൂജ ചെയ്ത ശേഷമാണു ജ്യോതി തെളിയിക്കുക. ഇതുകണ്ട് ആയിരങ്ങള്‍ സായൂജ്യമടയും. ഭക്തിപാരവശ്യത്താല്‍ നമശിവായ ചൊല്ലി അവര്‍ ശിവരാത്രി വ്രതം മുറിക്കും. ഇനിയുള്ള കാത്തിരിപ്പ് ജ്യോതി തെളിയിക്കാന്‍ പോയവര്‍ തിരിച്ചെത്തുന്നതിനാണ്. പിറ്റേദിവസം ഉച്ചയോടെ മലമ്പൂജാരികള്‍ കൊണ്ടുവരുന്ന പൂജാ പ്രസാദവും തീര്‍ഥവും സ്വീകരിക്കാന്‍ ചെമ്മണൂരിലെ താഴെക്കാവില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുക.

പൂജയ്ക്കുശേഷം മല്ലീശ്വരമുടിയില്നിന്നു കൊണ്ടുവന്ന തീർഥം സ്വീകരിക്കുന്ന ഭക്തർ
വേഷപ്രച്ഛന്നരായി നാടുചുറ്റിയ പരമശിവനും പാര്‍വതിയും അട്ടപ്പാടിയിലെത്തിയെന്നും ഇവരോട് അവിടെ തുടരാന്‍ നാട്ടുകാര്‍ അപേക്ഷിച്ചുവെന്നുമാണ് ഐതിഹ്യം. അട്ടപ്പാടിയില്‍ എല്ലാ ദിവസവും പൂജയും വിളക്കും വേണമെന്നു പാര്‍വതി ആവശ്യപ്പെട്ടപ്പോള്‍ ഇവ വര്‍ഷത്തിലൊരിക്കല്‍ മതിയെന്നു പരമശിവന് പറഞ്ഞത്രെ. പരമശിവന്റെ ആഗ്രഹം നിറവേറ്റാമെന്ന് നാട്ടുകാര്‍ അറിയിച്ചു. തുടര്‍ന്നു ശിവനെ മല്ലീശ്വര മുടിയില്‍ പ്രതിഷ്ഠിക്കുകയായിരുന്നുവത്രെ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.