പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിലെ പതിനാറ് പ്രതികൾക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തി. അഗളി ഡിവൈഎസ്പിയാണ് മണ്ണാര്‍ക്കാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 11640 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്.
കേസിൽ മൂന്ന് സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങളും 5 മൊബൈല്‍ ഫോണുകളും തെളിവുകളായി കോടതിയില്‍ സമര്‍പ്പിച്ചു. കേസിലാകെ 165 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് പുറമേ, വനത്തിൽ അതിക്രമിച്ച് കടക്കൽ, എസ്ടി എസ് സി ആക്ട്, ഐടി ആക്ട് എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ഫെബ്രുവരി 22 വ്യാഴാഴ്ച ഉച്ചയോടെ ചിണ്ടക്കിയിലെ തേക്ക് കൂപ്പിൽ നിന്നാണ് മധുവിനെ അക്രമികൾ പിടികൂടിയത്. അരിയും മറ്റു സാധനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ച് അക്രമിസംഘം മധുവിനെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് മധുവിനെ കൈകൾ കെട്ടിയിട്ട് മുക്കാലി കവല വരെ ഉന്തിത്തള്ളി നടത്തിച്ചു. ഇതിനുപിന്നാലെ പോലീസ് ജീപ്പിൽ കയറ്റിയപ്പോഴാണ് മധു മരണപ്പെട്ടത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പ്രതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ദൃശ്യങ്ങളും കേസ് അന്വേഷണത്തിൽ പോലീസിനെ സഹായിച്ചു.