പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതിഭാഗം അഭിഭാഷകനെതിരെ പരാമര്‍ശവുമായി വിചാരണ കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയുള്ള ഉത്തരവിലാണ് ഇക്കാര്യം കോടതി ചൂണ്ടിക്കാണിച്ചത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ ജഡ്ജി പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതികളുടെ അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയതായി ഉത്തരവില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജഡ്ജിയുടെ ചിത്രം ഉള്‍പ്പെടെ വാര്‍ത്തകള്‍ പ്രചരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞതായും ഉത്തരവില്‍ പറയുന്നു.
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി
അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതിയാണ് കേസിലെ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, നാലാം പ്രതി അനീഷ്, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.
ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. നേരിട്ടും ഇടനിലക്കാർ മുഖേനയും പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അതിനാൽ തന്നെ, ഒന്നാം പ്രതി ഹുസൈൻ, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല.
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ചാണ് പ്രതികൾ മർദിച്ചത്. ചിണ്ടക്കിയിലെ തേക്ക് കൂപ്പിൽ നിന്നാണ് മധുവിനെ അക്രമികൾ പിടികൂടിയത്. അരിയും മറ്റു സാധനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ച് അക്രമിസംഘം മധുവിനെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് മധുവിനെ കൈകൾ കെട്ടിയിട്ട് മുക്കാലി കവല വരെ ഉന്തിത്തള്ളി നടത്തിച്ചു. ഇതിനുപിന്നാലെ പോലീസ് ജീപ്പിൽ കയറ്റിയപ്പോഴാണ് മധു മരണപ്പെട്ടത്.
കേസിലെ പതിനാറ് പ്രതികൾക്കെതിരെയും കൊലപാതകക്കുറ്റമാണ് ചുമത്തിയത്. കൊലപാതകത്തിന് പുറമേ, വനത്തിൽ അതിക്രമിച്ച് കടക്കൽ, എസ്ടി എസ് സി ആക്ട്, ഐടി ആക്ട് എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.