അഗളി: അട്ടപ്പാടി മേഖലയിൽ ശിശുമരണത്തിന് അയവില്ലെന്ന് റിപ്പോർട്ട്. ഈ വർഷം ഇതുവരെ 13 കുട്ടികൾ ജനന വൈകല്യം മൂലം മരിച്ചതായി മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തേ അട്ടപ്പാടിയിലെ ശിശുമരണങ്ങൾ കുറഞ്ഞതായി ആരോഗ്യവകുപ്പ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 2014, 2015 വർഷങ്ങളിലെ കണക്കുകളോട് അടുത്താണ് ഈ വർഷത്തെ കണക്കുകളും ഉള്ളത്.
2014 ൽ ആകെ 15 കുട്ടികളാണ് അട്ടപ്പാടി മേഖലയിൽ മരിച്ചത്. 2015 ൽ ഇത് 14 ആയും 2016 ൽ ഇത് എട്ടായും കുറഞ്ഞു. എന്നാൽ ഈ വർഷം മരണസംഖ്യ വീണ്ടും ഉയർന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം നാല് വർഷത്തെ ഉയർന്ന മരണസംഖ്യ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് വിവരം.
ഹൃദയവാൽവ്, അന്നനാളം, ശ്വാസകോശം എന്നിവയ്ക്കുണ്ടാകുന്ന തകരാറാണ് മരണ സംഖ്യ ഉയരാൻ കാരണം. കഴിഞ്ഞ വർഷം എട്ട് ഗർഭസ്ഥ ശിശുക്കൾ മരിച്ചിടത്ത് ഈ വർഷം ഇതുവരെ ആറ് കുട്ടികൾ മരിച്ചിട്ടുണ്ട്. എന്നാൽ അമ്മ മരിച്ച സംഭവം മേഖലയിൽ റിപ്പോർട്ട് ചെയ്തില്ല.