മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതി ഈ മാസം നാലിന് വിധി പറയും. 11 മാസത്തെ സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനം. അരി മോഷ്ടിച്ചെന്ന കാരണത്താല്‍ 2018 ഫെബ്രുവരി 22ന് മുക്കാലിയില്‍ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ച് അവശനാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിരവധി പ്രതിസന്ധികള്‍ മറികടന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായത്.
കേസില്‍ സാക്ഷികളുടെ കൂറുമാറ്റത്തെ തുടര്‍ന്ന് സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കി കൂറുമാറ്റം ഒരു പരിധി വരെ തടയാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. കേസില്‍ വിചാരണ ആരംഭിക്കുമ്പോള്‍ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിചാരണ തുടങ്ങിയതിനുശേഷം അഞ്ച് സാക്ഷികളെക്കൂടി ചേര്‍ത്തതോടെ 127 പേരായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28-നാണ് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി. പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്.
കേസില്‍ വിസ്തരിച്ച 100 സാക്ഷികളില്‍ 76 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. 24 പേര്‍ കൂറുമാറി. 10 മുതല്‍ 17 വരെ സാക്ഷികള്‍ മജിസ്‌ട്രേട്ടിനു മുന്‍പില്‍ രഹസ്യമൊഴി നല്‍കിയവരാണ്. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി. കേസില്‍ 16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ കോടതി ജഡ്ജി കെ.എം.രതീഷ് കുമാറാണ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേസിന്റെ വിചാരണ നടപടികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കിയത്. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. 2022 ഏപ്രില്‍ 28 നാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഇന്‍ക്വസ്റ്റ് സാക്ഷി വെള്ളങ്കരിയെ വിസ്തരിച്ചാണ് തുടക്കം. ഇതിനിടെയാണ് ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ കൂറുമാറിയത്.