കൊച്ചി: കുറ്റാരോപിതനായ നടനുമായി യാതൊരു സാമ്പത്തിക ഇടപാടും ഇല്ലെന്ന് അക്രമത്തിനിരയായ നടി. നടനുമായി യാതൊരുവിധ വസ്തു ഇടപാടുകളോ പണമിടപാടുകളോ ഉണ്ടായിട്ടില്ലെന്നും നടി പ്രസ്താവനയില്‍ പറയുന്നു. ഒരു ചാനലില്‍ വന്ന് സംസാരിക്കാനുളള മാനസികനിലയില്‍ അല്ലാത്തത് കൊണ്ടാണ് ഇത്തരമൊരു കുറിപ്പെന്നും പറയുന്നു.

‘തെറ്റായ പ്രചരണങ്ങള്‍ നിര്‍ത്തണം. നടനുമായി യാതൊരുവിധ ഇടപാടുകളുമില്ല. ഫെബ്രുവരി 17ന് നിര്‍ഭാഗ്യകരമായ ചില സംഭവങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ നിങ്ങളെ പോലെ ഞാനും ഞെട്ടലോടെയാണ് കേട്ടത്”, നടി വ്യക്തമാക്കുന്നു.

“വ്യക്തിവൈരാഗ്യം വെച്ച് ആരേയും കുടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ആരുടേയും ഒരു പേരു പോലും ഞാന്‍ എവിടേയും സൂചിപ്പിച്ചിട്ടില്ല. നടനുമായി ആദ്യം ഉണ്ടായിരുന്ന സൗഹൃദം വ്യക്തിപരമായ ചില പ്രശ്നങ്ങളാല്‍ ഇല്ലാതായിരുന്നു. കുറ്റാരോപിതന്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പൊലീസ് അത് തെളിയിക്കട്ടെ. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. കളളക്കേസാണെങ്കില്‍ എത്രയും വേഗം സത്യം തെളിയട്ടേയെന്നും നടി പറഞ്ഞു.

“ഈ നടന്റെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ച ഒരു വ്യക്തിയാണ് ഞാൻ . ഞങ്ങൾ തമ്മിൽ പിന്നീട് ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ആ സൗഹൃദം പിന്നീടില്ലാതാകുകയും ചെയ്തത് വാസ്തവം തന്നെ. ആ വ്യക്തിയുടെ അറസ്‌റ്റുമായുള്ള വിവരങ്ങൾ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിയ്ക്ക്‌ എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാൻ കഴിഞ്ഞത്,” നടി പറഞ്ഞു.

‘സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ താൻ പോസ്റ്റ് ചെയ്തതല്ല. തനിക്ക് ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടരുത്, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്’ എന്ന് പറഞ്ഞാണ് നടി പ്രസ്താവന അവസാനിപ്പിക്കുന്നത്. കേസില്‍ ഇത് ആദ്യമായാണ് പ്രതികരണവുമായി നടി രംഗത്തെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.