കൊച്ചി: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ തുമ്പുണ്ടാക്കാനാകാതെ പൊലീസ്. സന്ദീപാനന്ദഗിരിയുടെ വീട്ടിലെ സിസിടിവി കേടായത് കൊണ്ട് സമീപത്തെ റോഡുകളിലും മറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ പ്രതികളെ കുറിച്ചുള്ള സൂചനകൾ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. വിശദമായ പരിശോധനയിൽ ചില വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

പെട്രോളൊഴിച്ചാണ് വാഹനങ്ങള്‍ കത്തിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്. മൊഴിയെടുപ്പ് പൂർത്തിയാക്കിയ അന്വേഷണസംഘം ഫൊറൻസിക് പരിശോധനയുടെ വിശദമായ ഫലത്തിലാണ് പ്രതീക്ഷയർപ്പിക്കുന്നത്. സ്വാമിയെ ഭീഷണിപ്പെടുത്തി വന്ന ടെലിഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു തുടങ്ങി. ആശ്രമത്തിന് സമീപത്തെ ടെലിഫോൺ ടവറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇതു വഴിയും പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ കുണ്ടമന്‍കടവിലുള്ള ആശ്രമത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ആശ്രമത്തിലെത്തിയ ആക്രമികള്‍ രണ്ടു കാറുകള്‍ തീയിട്ടു നശിപ്പിക്കുകയും ആശ്രമത്തിനു മുന്‍പില്‍ റീത്ത് വയ്ക്കുകയുമായിരുന്നു. തീ ഉയരുന്നത് കണ്ട സന്ദീപാനന്ദഗിരി ഓടിയെത്തുമ്പോഴേക്കും കാറുകള്‍ പൂര്‍ണ്ണമായി കത്തിനശിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.