തിരുവനന്തപുരം:വഞ്ചിയൂരില്‍ വീട്ടമ്മയെ നടുറോഡില്‍ അജ്ഞാതന്‍ ആക്രമിച്ച സംഭവം അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കേസില്‍ പൊലീസിന് വീഴ്ചപറ്റി എന്ന വ്യാപക പരാതിക്ക് പിന്നാലെയാണ് പേട്ട സിവില്‍ സ്റ്റേഷനിലെ സി.പി.ഒമാരായ ജയരാജ്, രഞ്ജിത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്.
വഞ്ചിയൂരില്‍ കഴിഞ്ഞ 13-ാം തീയതി രാത്രി 11 മണിക്ക് മൂലവിളാകം ജംങ്ഷനില്‍ വച്ചാണ് സംഭവം നടന്നത്. രാത്രിയില്‍ മരുന്ന് വാങ്ങാന്‍ ടൂവീലറില്‍ പുറത്ത് പോയ സ്ത്രിയെ ആജ്ഞാതനായ വ്യക്തി പിന്തുടരുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയില്‍ കയറാന്‍ തുടങ്ങവെ വാഹനം തടഞ്ഞ് നിര്‍ത്തുകയും അതിക്രൂരമായി ആക്രമിക്കുകയുമായിരുന്നു. സ്ത്രീയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരുക്കേറ്റതായാണ് റിപോര്‍ട്ടുകള്‍. മകളാണു പേട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. പരാതി നല്‍കിയെങ്കിലും കേസില്‍ നടപടിയുണ്ടായില്ല. പിന്നീട് സ്ഥലത്തെത്തിയ രണ്ടു പൊലീസുകാര്‍, ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയുടെ മൊഴിയെടുക്കുകയോ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയോ ചെയ്തില്ലെന്നാണ് പരാതി.
സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തതായി അധ്യക്ഷ പി സതീദേവി പറഞ്ഞു. യുവതിയുടെ തലയില്‍ നല്ല പരിക്കേറ്റിട്ടുണ്ട്. പൊലീസ് നിലപാട് ഒരിക്കലും അംഗീകരിക്കാനാകില്ല. വീട്ടമ്മ സ്റ്റേഷനിലെത്തി മൊഴി നല്‍കണമെന്നു പറഞ്ഞത് പൊലീസിന് ഭൂഷണമല്ല. പേട്ട പൊലീസിനോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും സതീദേവി അറിയിച്ചു.