തൃശ്ശൂര്‍: യു.എന്‍.എ ഭാരവാഹികളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും വധഭീഷണിയുയര്‍ത്തിയതായും പരാതി. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ നഴ്‌സിനെ പുറത്താക്കിയതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എത്തിയ ജില്ലാ സെക്രട്ടറിയേയും വൈസ് പ്രസിഡന്റിനേയും ഭീഷണിപ്പെടുത്തിയെന്ന് പൊലീസില്‍ പരാതി.

കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ആശുപത്രിയിലെ നഴ്‌സായ സജ്‌ന രതീഷിനെ പുറത്താക്കിയിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു ജില്ലാ സെക്രട്ടറി സുധീപ് ദിലീപും വൈസ് പ്രസിഡന്റ് നിധിന്‍ മോന്‍ സണ്ണിയും. എന്നാല്‍ ചര്‍ച്ചയ്ക്കിടെ ഇവര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ വധഭീഷണി മുഴക്കുകയും മുറിയില്‍ പൂട്ടിയിട്ടതായും യുഎന്‍എ ആരോപിക്കുന്നു. ഇതിനെതിരെ യു.എന്‍.എ ഭാരവാഹികള്‍ ഇരിങ്ങാലക്കുട പൊലസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

അനുവാദമില്ലാതെ രോഗിയെ അഡ്മിറ്റ് ചെയ്‌തെന്ന് ആരോപിച്ച് സജ്‌ന രതീഷ് എന്ന യു.എന്‍.എ പ്രവര്‍ത്തക കൂടിയായ നേഴ്‌സിനെയാണ് പുറത്തക്കിയത്. സംഭവത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ആശുപത്രി മാനേജുമെന്റ് സജ്‌നയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി നല്‍കിയ സജ്‌നയോട് നീ എന്തിനാ യു.എന്‍.എയില്‍ പ്രവര്‍ത്തിക്കാന്‍ പോയത്, യു.എന്‍.എയുടെ ആവശ്യം ഈ ആശുപത്രിയിലുണ്ടോ എന്ന് പറയുകയും ഭീഷണിപ്പെടുത്തിയെന്നും യുഎന്‍എ ആരോപിക്കുന്നു.

തിങ്കളാഴ്ച്ച രാത്രി 1.50ന് ഷഗിന്‍ മോന്‍ എന്ന രോഗിയെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറുടെ അനുവാദമില്ലാതെ സജ്‌ന അഡ്മിറ്റ് ചെയ്‌തെന്നാണ് മാനേജുമെന്റിന്റെ ആരോപണം. ഇത് ആശുപത്രിയുടെ നടത്തിപ്പിനും സല്‍പ്പേരിനും കളങ്കമുണ്ടാക്കിയെന്നും കാരണംകാണിക്കല്‍ നോട്ടീസില്‍ മാനേജുമെന്റ് പറയുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിതിയുടെ പ്രസിഡന്റ് കോണ്‍ഗ്രസ് നേതാവായ എം.പി ജാക്‌സണാണ്. ഇദ്ദേഹത്തിനെതിരേയും പരാതിയുണ്ട്.

‘ഞാന്‍ നൈറ്റ് ഡ്യൂട്ടിയിലായിരിക്കെ 1.50ന് ഷഗിന്‍ എന്ന രോഗി മുറിവ് പറ്റി വരികയും ഡ്യൂട്ടിയിലുണ്ടായ ഡോക്ടര്‍ രോഗിയെ പരിശോധിക്കുകയും ഉണ്ടായി. പരിശോധനയ്ക്ക് ശേഷം രോഗിക്ക് ഒപി മെഡിസിന്‍ എന്ന് എഴുതി നല്‍കുകയും ചെയ്തുകൊണ്ട് ഡോക്ടര്‍ റെസ്റ്റിനായി ഡോക്ടേഴ്സ് റൂമിലേക്ക് ഉടനെ പോയി. ബില്‍ അടച്ച് പോകാന്‍ നേരം രോഗി അഡ്മിഷന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഇക്കാര്യം ഡ്യൂട്ടി ഡോക്ടറായ ഡോ.തിലകനെ ഫോണില്‍ വിളിച്ച് അറിയിച്ചു. അഡ്മിറ്റ് ചെയ്തോളൂ എന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആണ് താന്‍ രോഗിയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തത്. മാത്രമല്ല, റൂമിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിന് മുമ്പ് ഈ വിവരം അറിയിക്കുന്നതിനും ഒഎംഎഫ് സര്‍ജന്റെ ചാര്‍ജിനെ കുറിച്ച് സംസാരിക്കുന്നതിനുമായി പിആര്‍ഒയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് റിസപ്ഷനില്‍ നിന്ന് പിആര്‍ഒയുടെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ഒഎംഎഫ് സര്‍ജന്റെ ചാര്‍ജിനെ കുറിച്ച് നാളെ സംസാരിക്കാമെന്നും അറിയിച്ചു. ഇതിന് ശേഷമാണ് ഞങ്ങള്‍ രോഗിയെ റൂമിലേക്ക് മാറ്റിയത്.’ എന്നായിരുന്നു സംഭവത്തില്‍ സജ്‌ന നല്‍കിയ വിശദീകരണം.

എന്നാല്‍ സജ്‌നയുടെ വിശദീകരണം അസ്വീകാര്യമാണെന്ന് പറഞ്ഞ് ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. വിശദീകരണം ബന്ധപ്പെട്ട ഡോക്ടറുടേയും സ്റ്റാഫിന്റേയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അസ്വീകാര്യമാണെന്ന് മാനേജുമെന്റ് വിലയിരുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യുഎന്‍എ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് എത്തിയത്. എന്നാല്‍, സജ്‌നയെ തിരിച്ചെടുക്കണമെന്ന യുഎന്‍എയുടെ ആവശ്യം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ആശുപത്രി അധികൃതരും പ്രസിഡന്റ് എം.പി ജാക്‌സണും ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് യുഎന്‍എ ആരോപിക്കുന്നത്.

യുഎന്‍എ ജില്ലാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ സജ്‌നയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 15ന് ഡ്യൂട്ടിയിലല്ലാതിരുന്ന ഒരുകൂട്ടം നഴ്സുമാരെ ചേര്‍ത്തലയിലെ സമരപന്തലിലേക്ക് കൊണ്ടുപോവുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയുള്ള ഇരിങ്ങാലക്കുട സഹകരണ ആശുപത്രി മാനേജ്മെന്റിന്റെ പ്രതികാര നടപടിയാണ് സംഭവമെന്നും യുഎന്‍എ ആരോപിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും താനിക്കൊന്നും അറിയില്ലെന്നും വൈകിട്ട് അഞ്ച് മണിക്ക് ഡ്യൂട്ടിയ്ക്ക് കയറിയപ്പോഴാണ് സംഭവം അറിയുന്നതെന്നുമായിരുന്നു ആശുപത്രിയുടെ പി.ആര്‍.ഒയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.