തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ മലയാളത്തിലെ യുവനടിക്കുനേരെ അതിക്രമശ്രമം. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മാവേലി എക്സ്പ്രസിലെ സെക്കന്‍ഡ് ക്ലാസ് എസി കംപാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നടി മുകളിലെ ബെര്‍ത്തില്‍ ഉറങ്ങുകയായിരുന്നു. തൊട്ടടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചത്. നടി ബഹളം വച്ചെങ്കിലും സഹായത്തിനായി ആരും എത്തിയില്ല.

ഒടുവില്‍ ട്രെയിനില്‍ അതേ കംപാർട്മെന്റില്‍ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആര്‍ ആണ് നടിയുടെ സഹായത്തിന് എത്തിയത്. ആക്രമിക്കപ്പെട്ടത് നടിയാണെന്നോ സഹായത്തിനെത്തിയത് തിരക്കഥാകൃത്താണെന്നോ ഇരുവര്‍ക്കും അറിയില്ലായിരുന്നു. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ വച്ചാണ് സംഭവമുണ്ടായത്. ബഹളം കേട്ടെത്തിയ ഉണ്ണി ആര്‍ ടിടിയെ വിവരമറിയിക്കുകയും തുടര്‍ന്ന് ടിടി എത്തി റെയില്‍വേ പൊലീസില്‍ വിളിച്ചറിയിക്കുകയുമായിരുന്നു. തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ