തിരുവനന്തപുരം: സീതാറാം യെച്ചൂരിയെ ആക്രമിച്ചതിനെതിരെ സിപിഐഎം ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. സംസ്ഥാനമൊട്ടുക്ക് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ആര്‍എസ്എസിന്റെ ലക്ഷ്യം സിപിഎമ്മിനെ തകര്‍ക്കലാണെന്നും കോടിയേരി പറഞ്ഞു.

സ്​റ്റാച്യു ട്യൂട്ടേഴ്‌സ് ലെയിനിലെ ബിജെപി ജില്ല ഓഫിസിന് നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച്​​ തിരുവനന്തപുരം ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്​ത ഹര്‍ത്താൽ തുടങ്ങി. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ ബസുകൾ തടയാൻ ശ്രമിച്ചത്​ പൊലീസ്​ ഇടപെട്ട്​ പരിഹരിച്ചു. കെഎസ്​ആർടിസി സർവീസുകൾ മുടക്കം കൂടാതെ നടക്കുന്നുണ്ട്​. ട്രെയിനിലുംമറ്റും വന്നെത്തുന്ന ദീർഘദൂര യാത്രക്കാർക്ക്​ ​പൊലീസ്​ യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്​. 10മണിക്ക്​ സെക്ര​ട്ടേറിയറ്റിലേക്ക്​ ബിജെപി പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്​ നടക്കും.

ഹർത്താലിന്റെ സാഹചര്യത്തിൽ ഇന്നു നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി സേ പരീക്ഷ ജൂൺ പതിനാലിലേക്കു മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ