കോഴിക്കോട്: ട്രാൻസ്ജെൻഡേഴ്സിനെ മർദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഒരാഴ്ചയ്ക്കുളളിൽ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോഴിക്കോട് ഡപ്യൂട്ടി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. അക്രമത്തനിരയായവർ പറയുന്ന പേരുകാർക്കെതിരെ തന്നെ അന്വേഷണം നടത്തുമെന്ന് ഡിജിപി വ്യക്തമാക്കി.
തുടർ വിദ്യാഭ്യാസ കലോൽസവത്തിന്രെ ഭാഗമായി കോഴിക്കോട് എത്തിയ ട്രാൻസ്ജെൻഡേഴ്സിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. കോഴിക്കോട് കസബ എസ്ഐയുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നായിരുന്നു പരാതി. എസ്ഐയ്ക്ക് എതിരെ കേസ് എടുക്കാനും സംഭവത്തെ കുറിച്ച് അന്വേഷിക്കാനും ഡിജിപി ഉത്തരവ് നൽകിയിരുന്നു. എന്നാൽ അക്രമത്തിനിരയാവർ എസ്ഐയുടെ പേരടക്കം പറഞ്ഞിട്ടും കണ്ടാലറിയാവുന്നവർ എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. ഇത് വിവാദമായതിനെ തുടർന്നാണ് ഡിജിപി നിലപാട് വ്യക്തമാക്കിയത്
ഇത് രണ്ട് മാസത്തിനുളളിൽ രണ്ടാം തവണയാണ് കോഴിക്കോട് എസ്ഐമാർക്കെതിരെയുളള പരാതിയിൽ പൊലീസ് കേസ് അട്ടിമറിക്കുന്നുവെന്ന പരാതി ഉയരുന്നത്. നേരത്തെ മെഡിക്കൽ കോളജ് എസ്ഐയ്ക്കെതിരായ പരാതിയായിരുന്നുവെങ്കിൽ ഇത്തവണ അത് കസബ എസ്ഐയുടെ കാര്യത്തിലാണ്. കോഴിക്കോട് തുടര്‍ വിദ്യാഭ്യാസ കലോൽസവത്തില്‍ പങ്കെടുക്കാന്‍ എത്തിയ ട്രാന്സ്ജെന്ഡേഴ്സിനെതിരെ പൊലീസ് അതിക്രമം കാട്ടിയെന്ന പരാതി അന്വേഷിക്കുവാന്‍ കോഴിക്കോട് ഡിസിപി മെറിന് ജോസഫിനെ ചുമതലപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരത്തെ ഉത്തരവിട്ടിരുന്നു.
എന്നാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തപ്പോൾ എസ്ഐയുടെ പേര് ഒഴിവാക്കി കണ്ടാലറിയാവുന്നവർ എന്നാക്കി മാറ്റിയത് കേസ് അട്ടിമറിക്കാനെന്നാണ് ആരോപണം ഉയർന്നത് ഇന്നലെയാണ്. പേര് പറഞ്ഞാണ് പരാതി നൽകിയതെന്നും എന്നാൽ പൊലീസ് എഫ്ഐആറിൽ അതൊഴിവാക്കിയിരിക്കുകയാണെന്നും മർദ്ദനമേറ്റവർ പറയുന്നു. ടൗൺ സ്റ്റേഷനിലെ പൊലീസുകാർ തങ്ങളെ ഭീഷണിപ്പെടുത്തിയതായും മർദ്ദനമേറ്റ ജാസ്മിൻ മാധ്യമങ്ങളോട് പറഞ്ഞു. എസ്ഐ സുജിത്തിന്രെ പേര് പറഞ്ഞിരുന്നുവെങ്കിലും പൊലീസ് അത് രേഖപ്പെടുത്തിയില്ലെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ ഒക്ടോബർ മാസത്തിൽ കോഴിക്കോട് നഗരത്തിൽ രാത്രിയിൽ വീടിനടുത്ത് വനിതാ ഹോസ്റ്റലിന് സമീപം കണ്ടയാളെ എസ്ഐ ആണെന്ന് അറിയാതെ വിവരമന്വേഷിച്ച വിദ്യാർത്ഥിയെ എസ്ഐ മർദ്ദിച്ച സംഭവമുണ്ടായിരുന്നു. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസിന് സമീപത്തെ വനിത ഹോസ്റ്റലിനടുത്തുള്ള ഇടവഴിയിലായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്ഐ ഹബീബുള്ളയ്ക്കെതിരായാണ് പരാതി ഉയർന്നത്. എന്നാൽ അന്നും വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് എസ്ഐക്കെതിരെ കേസെടുത്തില്ലെന്നും പരാതി ഉയർന്നിരുന്നു.