തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ പരാതി നൽകിയ സന്തോഷിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കറുത്ത കാറിലെത്തിയ സംഘം സന്തോഷിന്റെ വീടിനുനേരെ ഗുണ്ടെറിഞ്ഞു. തുടർന്ന് വീടിന് നേരെ കല്ലേറ് നടത്തിയ ശേഷമാണ് സംഘം മടങ്ങിയതെന്നാണ് റിപ്പോർട്ട്.

ചാലക്കുടി ഡി സിനിമാസ് തിയേറ്റർ നിർമ്മിച്ചത് കൈയേറ്റ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി സന്തോഷ് 2015 ജൂൺ 11ന് ലാൻഡ് റവന്യൂ കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഇത് പരിശോധിക്കാൻ കമ്മീഷണർ കലക്‌ടറോട് ആവശ്യപ്പെട്ടുവെങ്കിലും ദിലീപിന് അനുകൂലമായ നിലപാടാണ് അന്നത്തെ കലക്ടർ എടുത്തത്. കലക്ടറുടെ തീരുമാനത്തിൽ പിഴവുണ്ടെന്നു കണ്ട് അത് ലാൻഡ് റവന്യൂ കമ്മിഷണർ റദ്ദാക്കി. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്‌റ്റിലായതോടെയാണ് സംഭവം വീണ്ടും ചർച്ചയാകുന്നത്.

ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ വിജിലൻസ് സംഘം ഡി സിനിമാസ് തിയേറ്റർ സമുച്ചയത്തിൽ ഭൂമി കൈയേറ്റം നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ഇരിക്കെയാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ