തിരുവനന്തപുരം: എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജന ഷാജിക്ക് നേർക്ക് ആക്രമണമുണ്ടായ സംഭവത്തിൽ യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയതായി യുവജന കമ്മീഷൻ അറിയിച്ചു.
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണം; യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു.
എറണാകുളത്ത്…
Posted by Kerala State Youth Commission on Tuesday, 13 October 2020
സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ പറഞ്ഞിരുന്നു. സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടുവെന്നും തുടർന്ന് സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചതായും ആരോഗ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കിയെന്നും. പോലീസ് സുരക്ഷ ഉറപ്പുവരുത്തുമെന്നും പറഞ്ഞ മന്ത്രി അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. “സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്. അവരെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ല,” മന്ത്രി പറഞ്ഞു. “കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് കുടുംബത്തിലും സമൂഹത്തിലും ആദരവും അംഗീകാരവും പ്രകടിപ്പിച്ചു തുടങ്ങിയ അവസരത്തില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല,” എന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ…
Posted by K K Shailaja Teacher on Tuesday, 13 October 2020
എറണാകുളം ഇരുമ്പനത്ത് ബിരിയാണിക്കച്ചവടം ചെയ്യുന്നതിനിടെയാണ് ചിലർ സജനയുടെ കച്ചവടം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും സജനയെ അക്രമിക്കുകയും ചെയ്തത്. ഇക്കാര്യം സജന ഫെയ്സ്ബുക്ക് ലൈവിലൂടെ പറയുകയും ചെയ്തിരുന്നു.
താന്‍ കച്ചവടം ചെയ്യുന്നതിന്റെ എതിര്‍വശത്ത് മറ്റൊരു കച്ചവടം ചെയ്തിരുന്നയാള്‍ താന്‍ കച്ചവടം ചെയ്തിരുന്ന ഭാഗത്ത് ബിരിയാണിക്കച്ചവടം ആരംഭിക്കുകയും തങ്ങളുടെ കച്ചവടം തടസ്സപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുകയുമായിരുന്നെന്ന് സജന പറഞ്ഞിരുന്നു. തങ്ങളുടെ കച്ചവടം മറയ്ക്കുന്ന തരത്തിൽ അവർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചെന്നും സജന പറഞ്ഞിരുന്നു. നിരന്തരമായി അവർ ട്രാൻസ് ജെൻഡേഴ്സിനെ അപമാനിച്ചിരുന്നതായും തങ്ങളെക്കുറിച്ച് മോശം അഭിപ്രായങ്ങൾ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നുവെന്നും സജന ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.