കുത്തിയതോട്: ആലപ്പുഴ ജില്ലയില്‍ രണ്ടിടത്ത് പോലീസുകാര്‍ക്ക് നേരേ ആക്രമണം. ആലപ്പുഴ സൗത്ത് സ്റ്റേഷന്‍ പരിധിയിലും കുത്തിയതോടുമാണ് സംഭവം. കുത്തിയതോട് പോലീസ് സ്‌റ്റേഷനിലെ സിപിഒ വിജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സിപിഒ സജേഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. വെട്ടു കേസിലെ പ്രതിയെ പിടികൂടാൻ പോയപ്പോഴാണ് സൗത്ത് സ്റ്റേഷനിലെ പൊലീസുകാരന് വെട്ടേറ്റത്. പ്രതിയായ ലിനോജ് സജേഷിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പോലീസ് പിടികൂടി. ഇരു കൈകളിലുമായി 24 ഓളം തുന്നലുകളാണ് സജേഷിനുള്ളത്. ഇദ്ദേഹം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോടംതുരുത്തിൽ രണ്ടുപേർ തമ്മിലുള്ള അടി പിടി പരിഹരിക്കുന്നതിനിടെയാണ് വിജേഷിന് കുത്തേറ്റത്. ഒരാളെ ആലപ്പുഴ മെഡിക്കൽ കോളേജിലും മറ്റൊരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More: തിയറ്ററുകള്‍ തുറക്കല്‍ അടുത്തയാഴ്ച; റിലീസിന് ഒരുങ്ങി 20 മലയാള ചിത്രങ്ങള്‍

തിങ്കളാഴ്ച രാത്രി പത്തുമണിയോടു കൂടിയാണ് സംഭവം നടന്നത്. വലിയചുടുകാടിനു തെക്കുഭാഗത്താണു സംഭവം. രാത്രി എട്ടോടെ കൃഷ്ണനിവാസില്‍ ജീവന്‍കുമാറിന്റെ വീട്ടില്‍ ലിനോജ്, കപില്‍ ഷാജി എന്നിവര്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയതാണ് സംഭവങ്ങളുടെ തുടക്കം. ജീവന്‍കുമാറിന്റെ ഇളയമകനെ അന്വേഷിച്ചാണ് ഇവര്‍ എത്തിയത്. ഇളയമകനെ കിട്ടാതെവന്നതോടെ കൈയിലുണ്ടായിരുന്ന ആയുധം വീശിയപ്പോള്‍ ജീവന്‍കുമാറിനും മൂത്തമകനും പരുക്കേറ്റു.

വിവരമറിഞ്ഞ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍നിന്നും കണ്‍ട്രോള്‍ റൂമില്‍നിന്നും പോലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കിട്ടിയില്ല. അപ്പോള്‍ പെയ്ത മഴയും വൈദ്യുതി പോയതും തിരച്ചിലിനെ ബാധിച്ചു. മഴമാറി വീണ്ടും പരിശോധിച്ചപ്പോള്‍ പ്രതികളിലൊരാളായ ലിനോജിനെ കണ്ടെത്തി. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കൈയിലുണ്ടായിരുന്ന വാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. ലിനോജിനെ സൗത്ത് സി.ഐ.യുടെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് പിടികൂടി.

മറ്റൊരു പ്രതി കപില്‍ ഷാജിക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബലപ്രയോഗത്തിനിടെ സി.ഐ.ക്കും പരിക്കേറ്റു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.