കൊച്ചി:മൂന്നാര്‍ ട്രിബ്യൂണല്‍ കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്, ദേവികുളം തഹസീല്‍ദാര്‍ പി കെ ഷാജി മറ്റു കണ്ടാലറിയാവുന്ന 50 പേര് എന്നിവര്‍ക്കെതിരേ മൂന്നാര്‍ പൊലീസ് കേസെടുത്തു. ട്രിബ്യൂണല്‍ കോടതി അംഗം എന്‍ കെ വിജയന്റെ പരാതിയിലാണ് കേസ്.
മൂന്നാര്‍ ട്രിബ്യൂണല്‍ കോടതി മുറിയില്‍ അതിക്രമിച്ചു കയറിയെന്ന സംഭവത്തിൽ ദേവികുളം സബ്കലക്ടര്‍ ട്രിബ്യൂണല്‍ അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനും ദേവികുളം സബ് കളക്ടര്‍ പി കെ ഷാജിയും ഉള്‍പ്പടെ അമ്പതോളം പേരടങ്ങിയ സംഘം ട്രൈബ്യൂണല്‍ കോടതി ഓഫീസ് തല്ലിത്തകര്‍ത്തതായി പൊലീസില്‍ പരാതി നല്‍കിയത്.

ഇന്നലെഉച്ചയോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന മൂന്നാര്‍ ആര്‍ട്സ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കാന്‍ ട്രിബ്യൂണല്‍ കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടം ഉപയോഗിക്കാനാവുമോയെന്നറിയാനാണ് എംഎല്‍എയും തഹസീല്‍ദാരും ഉള്‍പ്പെട്ട സംഘമെത്തിയത്. കഴിഞ്ഞ ജൂലൈയില്‍ ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും ഇവിടെയുള്ള കേസുകള്‍ മറ്റ് കോടതികളിലേക്കു മാറ്റാനായി ഓഫീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
എം എൽ എയും സംഘമെത്തിയപ്പോള്‍ ട്രിബ്യൂണല്‍ അംഗം എന്‍.കെ.വിജയനും ഏതാനും ജീവനക്കാര്‍ എന്നിവരാണ് ഓഫീസിലുണ്ടായിരുന്നത്. കെട്ടിടം കോളജ് ആക്കി മാറ്റാനുള്ള സാധ്യത എംഎല്‍എയും സംഘവും തേടിയെങ്കിലും ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ കെട്ടിടത്തിന്റെ മുകള്‍നിലയിലെ കോടതി മുറി ഉള്‍പ്പടെയുള്ളവയുടെ താക്കോല്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജീവനക്കാര്‍ താക്കോല്‍ കൊണ്ടുവരുന്നതിന് മുന്‍പ് സംഘത്തിലുണ്ടായിരുന്നവര്‍ മുറികളുടെ പുട്ടുകള്‍ തകര്‍ത്ത് ഉപകരണങ്ങള്‍ പുറത്തേക്ക് എറിയുകയും തുടര്‍ന്ന് മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോടതി മുറിയിലെ സാമഗ്രികള്‍ പുറത്തിട്ട ശേഷം എംഎല്‍എയുടെ നേതൃത്വത്തില്‍ കസേരകള്‍ നിരത്തി വിദ്യാര്‍ത്ഥികളെ ഇരുത്തി ക്ലാസെടുക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നുവെന്നാണ് ആരോപണം.
ഈ സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്ന ട്രൈബ്യൂണല്‍ ഓഫീസ് ജീവനക്കാരന് സുമി ജോര്‍ജിനെ സംഘാംഗങ്ങള്‍ മര്‍ദിക്കുകയും ചിത്രങ്ങളും, വീഡിയോയും മായ്ച്ചുകളയുകയും ചെയ്തു. ഇതിനു ശേഷമാണ് സംഘം മടങ്ങിയതെന്ന് ട്രൈബ്യൂണല്‍ അംഗം എന്‍ കെ വിജയന് മൂന്നാര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
എംഎല്‍എയും തഹസീല്‍ദാരും ഉള്‍പ്പടെയുള്ള സംഘത്തിന്റെ ആക്രമണത്തില്‍ രണ്ടായിരം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ആക്രണണം നടത്തിയവര്‍ക്കെതിരേ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

മൂന്നാറിലും സമീപപ്രദേശങ്ങളിലുമുള്ള എട്ടുവില്ലേജുകളിലെ ഭൂമി സംബന്ധമായ കേസുകള്‍ നടത്താനായാണ് മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യൂണല്‍ കോടതി തുടങ്ങിയത്. കഴിഞ്ഞ മാസം 15-നുണ്ടായ വമ്പന്‍ ഉരുള്‍പൊട്ടലില്‍ മൂന്നാര്‍ കോളജ് പ്രവര്‍ത്തിക്കുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നിരുന്നു. ഉടന്‍ ബദല്‍ പഠന സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കലുങ്കിലും തെരുവിലും ഇരുന്നു പഠിച്ചുകൊണ്ടുള്ള സമരം തുടരുകയാണ്. അതേസമയം വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി പഠന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് ട്രിബ്യൂണല്‍ കോടതി ഓഫീസിലെത്തിയതെന്നും ആക്രമണം നടത്തിയെന്നും ജീവനക്കാരനെ മര്‍ദിച്ചെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് വ്യക്തമാക്കുന്നത്.
മൂന്നാര്‍ ട്രിബ്യൂണല്‍ ഓഫീസില്‍ ആക്രമണം നടത്തിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് ദേവികുളം തഹസീല്‍ദാര്‍ പി കെ ഷാജി പറഞ്ഞു. ട്രിബ്യൂണല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആറുമാസം കൂടി സമയം വേണ്ടതിനാല്‍ ഈ കെട്ടിടം ഏറ്റെടുക്കേണ്ടതില്ലെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ വിളിച്ചപ്പോൾ എം എൽഎ മൂന്നാര്‍ ട്രിബ്യൂണല്‍ ഓഫീസിലുണ്ടെന്നും അവിടേയ്ക്ക് ചെല്ലാനും ആവശ്യപ്പെട്ടു. എംഎല്‍എയോടൊപ്പം മുറികള്‍ സന്ദര്ശിച്ചുവെന്നതല്ലാതെ തഹസീല്‍ദാര്‍ എന്ന നിലയില്‍ യാതൊരുവിധ ഏറ്റെടുക്കല്‍ നടപടികളും നടത്തിയിട്ടില്ലെന്ന് ഷാജി പറഞ്ഞു.
കഴിഞ്ഞ മാസം ഉരുള്‍പൊട്ടലില്‍ കോളജ് കെട്ടിടം പൂര്‍ണമായി തകര്‍ന്നതോടെ 300-ഓളം വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലായിരിക്കുകയാണ്. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയിലാണ് കോളജ് കെട്ടിടം നിര്മിച്ചിരിക്കുന്നതെന്നു കഴിഞ്ഞവര്‍ഷം കേരള സര്വകലാശലാലയിലെ ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സജിന്‍കുമാര്‍ ഉള്‍പ്പെട്ട സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.