തിരുവനന്തപുരം: പ്രമുഖ നടിക്കു നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ സംഭവം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്നു പറയാനാകില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കാൾ കേമനാകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രമേശ് ചെന്നിത്തല സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിലും ഗുണ്ടാ മാഫിയ വിളയാട്ടങ്ങളിലും പ്രതിഷേധിച്ച് ചെന്നിത്തല ഇന്നലെ ഹരിപ്പാട്ട് ഉപവാസ സമരം നടത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനു മറുപടിയാണ് കോടിയേരിയുടെ പ്രസ്താവന.

അതേസമയം, സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന ഒരാക്രമണവും വെച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. പൊലീസ് പ്രതികള്‍ക്ക് പിന്നാലെ തന്നെയുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത് പൊലീസിനു നേട്ടമായി. സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ