തിരുവനന്തപുരം: സ്‌ത്രീകളെ അപമാനിച്ചു കൊണ്ടുള്ള വിവരണം നിറഞ്ഞ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യൂടൂബർക്കെതിരെ പ്രതിഷേധവും കയ്യേറ്റവും. ശബ്ദകലാകാരിയും നടിയുമായ ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്ക്കൽ എന്നിവരാണ് വിജയ് പി.നായർ എന്ന യൂടൂബർക്കെതിരെ പ്രതിഷേധിച്ചത്.

‘ഇനിയൊരു സ്‌ത്രീയെ കുറിച്ചും പറയരുത്’ എന്ന് പറഞ്ഞ് പ്രതിഷേധിച്ച ഇവർ വിജയ് പി.നായരുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ചു. തുടർന്ന് ഇയാളെക്കൊണ്ട് പ്രതിഷേധക്കാര്‍ മാപ്പ് പറയിച്ചു.സംഭവം ഫേസ്ബുക്കില്‍ ലൈവ് ആയി സ്ട്രീം ചെയ്യുകയും ചെയ്തു. സെക്രട്ടേറിയറ്റിനു സമീപത്തെ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് പി.നായരുടെ താമസസ്ഥലത്തെത്തിയായിരുന്നു പ്രതിഷേധം.

അപമാനകരമായ വീഡിയോ

മലയാള സിനിമയിലെ മുതിര്‍ന്ന ഡബിങ് ആർട്ടിസ്റ്റിനെയും മറ്റ് ഫെമിനിസ്റ്റുകളെയും അപമാനിച്ചു കൊണ്ട് വീഡിയോ തയാറാക്കി വിജയ് പി.നായർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. കേരളത്തിലെ അറിയപ്പെടുന്ന വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ അസഭ്യമായ ഭാഷയിലാണ് വിജയ്‌ തന്റെ വീഡിയോയില്‍ പരാമര്‍ശിച്ചത്.  അടിസ്ഥാനമില്ലാത്ത വിവരണങ്ങള്‍ നിറഞ്ഞ ഈ വീഡിയോ പലരും യൂടൂബിന് റിപ്പോർട്ട് ചെയ്തിരുന്നു.

സംഭവത്തിൽ പൊലീസിനു പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. അധിക്ഷേപത്തില്‍ മനം മടുത്തിട്ടാണ് കടുത്ത പ്രതിഷേധത്തിന് മുതിര്‍ന്നതെന്ന് ഭാഗ്യലക്ഷ്മിയെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഒടുവില്‍ മാപ്പ്

കേരളത്തിലെ സ്ത്രീകളെ തന്റെ വീഡിയോ വഴി അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ മാപ്പു പറയുന്നുവെന്ന് വിജയ് പി.നായർ പ്രതിഷേധകരോട് പറയുന്നുണ്ട്. ഇയാൾ സ്ത്രീകള്‍ക്കെതിരായി പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ പ്രതിഷേധക്കാർ യുട്യൂബിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.

ദിയ സന, ശ്രീലക്ഷ്‌മി എന്നിവർ ഈ പ്രതിഷേധ വീഡിയോ അവരുടെ ഫെയ്‌സ്‌ബുക്ക് അക്കൗണ്ടില്‍ ലെെവായി നൽകിയിരുന്നു. നിമിഷങ്ങൾക്കകം വീഡിയോ വലിയ ചർച്ചയായി. വിജയ് പി.നായരുടെ ഫോണും ലാപ്‌ടോപ്പും ഭാഗ്യലക്ഷ്മിയും സംഘവും പിടിച്ചെടുത്തു. ഇവ പൊലീസിനു കൈമാറുമെന്ന് പ്രതിഷേധകർ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം, സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ വിജയ് പി.നായർക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ആരെയെങ്കിലും വേദനിപ്പിക്കാൻ വേണ്ടിയല്ല താൻ വീഡിയോ ചെയ്‌തതെന്ന് വിജയ് പി.നായർ സംഭവശേഷം പറഞ്ഞു.

“വീഡിയോകളിൽ പറയുന്നത് സ്വന്തം അഭിപ്രായമാണ്. അതിൽ അൽപ്പം എരിവും പുളിയും കൂടിപ്പോയി. അത് മനസിലാക്കിയതു കൊണ്ടാണ് അവരോട് മാപ്പ് പറഞ്ഞത്. അവരുടെ വികാരം ഞാൻ മനസിലാക്കുന്നു. ആരെയെങ്കിലും വേദനിപ്പിക്കാനോ കളിയാക്കാനോ അല്ല ഞാൻ പറഞ്ഞത്. ഞാൻ പറഞ്ഞത് അവരെ വേദനിപ്പിച്ചിട്ടുണ്ടെന്നും മനസിലാക്കുന്നു. അതു കൊണ്ട് തന്നെയാണ് ഞാനത് തുറന്നുപറഞ്ഞത്. പരാതിയില്ല” വിജയ് പി.നായർ പറഞ്ഞു. തമിഴ് നാട്ടിലെ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചയാളാണ് താനെന്നാണ് വിജയ് പി നായർ അവകാശപ്പെടുന്നത്.

അതേസമയം, വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook