കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാനുള്ള അന്വേഷണം അന്തിമഘട്ടത്തിൽ. അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്ന് വൈകിട്ട് ആലുവ പൊലീസ് ക്ലബിൽ ഉന്നത തല പൊലീസുദ്യോഗസ്ഥർ യോഗം ചേരും.

അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്ന ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. എഡിജിപി ബി.സന്ധ്യ പങ്കെടുത്തേക്കില്ല. ആലുവ റൂറൽ എസ്പി എ.വി.ജോർജ്ജ്, പെരുമ്പാവൂർ സിഐ എന്നിവരടക്കം പ്രധാന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

സംഭവത്തിന് പിന്നിലെ ഉന്നത തല ബന്ധം സംബന്ധിച്ച് ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിച്ചതായാണ് വിവരം. ഈ സാഹചര്യത്തിൽ ഉന്നതരടക്കം ഉടൻ പിടിയിലായേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്.

പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കുമെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോടതിയിൽ ഇതിനെ എങ്ങിനെ നേരിടുമെന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും.

നടി ആക്രമിക്കപ്പെട്ട കേസിന്റെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതലയുള്ള എഡിജിപി ബി.സന്ധ്യ ഇന്ന് രാവിലെ പറഞ്ഞിരുന്നു. നിലവിലെ അന്വേഷണം ഗൂഢാലോചന സംബന്ധിച്ചാണെന്നും അവർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ഗൂഢാലോചനയുടെ ചുരുളുകൾ ഉടൻ അഴിയുമെന്നും യഥാർത്ഥ പ്രതികൾ പിടിയിലാകുമെന്നും പൾസർ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത ശേഷം അഡ്വ.ബി.എ.ആളൂർ പ്രതികരിച്ചു. അങ്കമാലി കോടതി പരിസരത്ത് കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി ഏതാണ്ട് പതിനഞ്ച് മിനിറ്റിലേറെ നേരം ഇദ്ദേഹം സംസാരിച്ചിരുന്നു.

രണ്ട് ദിവസത്തിനകം കേസിൽ പ്രതികൾ പിടിയിലാകുമെന്ന് കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ച സംസ്ഥാന ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. അതേസമയം സംഭവത്തിന് പുറകിൽ ഉന്നതരുണ്ടെന്ന സൂചനയാണ് പൾസർ സുനി ഇന്ന് രാവിലെ അങ്കമാലി കോടതിയിൽ മാധ്യമപ്രവർത്തകരോട് പങ്കുവച്ചത്. താൻ സ്രാവുകൾക്കൊപ്പമാണ് നീന്തുന്നതെന്നാണ് രാവിലെ പൾസർ സുനി വ്യക്തമാക്കിയത്. ജീവന് ഭീഷണിയുള്ളത് കൊണ്ട് ജാമ്യം വേണ്ടെന്ന് ഇന്ന് പ്രതി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ജൂലൈ 18 വരെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ