/indian-express-malayalam/media/media_files/uploads/2018/10/atmnk2.jpg)
കൊച്ചി: എറണാകുളം, തൃശൂർ ജില്ലകളിലെ എടിഎമ്മുകളിൽനിന്ന് 35 ലക്ഷം രൂപ കവർന്നതോടൊപ്പം കോട്ടയം ജില്ലയിലെ വെന്പള്ളിയിലും മോനിപ്പള്ളിയിലും എടിഎമ്മുകളിൽ കവർച്ചാ ശ്രമമുണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. തൃശൂരില്‍ നിന്നും രക്ഷപ്പെട്ട ഏഴംഗ സംഘം ആന്ധ്രയിലെ സെക്കന്തരാബാദില്‍ എത്തിയതായി സംശയമുണ്ട്. പ്രതികളെ പോലെയുളള ഏഴ് പേരുടെ ചിത്രങ്ങള്‍ സെക്കന്തരാബാദ് പൊലീസ് കേരള പൊലീസിന് കൈമാറി.
മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇവരുടെ മൊബൈല്‍ ഫോൺ വിശദാംശങ്ങള്‍ നേടാനുളള ശ്രമത്തിലാണ് പൊലീസ്. കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിലെ പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
കോടിമതയിൽനിന്ന് മോഷ്ടിച്ചെടുത്ത വാഹനമാണ് കവർച്ചാ സംഘം ഉപയോഗിച്ചത് എന്നതിനാൽ ജില്ലയിൽ ഇതു സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. വാഹനം മോഷ്ടിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചിങ്ങവനം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. പ്രദേശത്ത് ഏതെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എടിഎം കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലരെയും ചില ഹോട്ടൽ ജീവനക്കാരെയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തു. ഇരുന്പനത്തും കൊരട്ടിയിലും കവർച്ച നടത്തിയ സംഘം വെന്പള്ളിയിലും മോനിപ്പള്ളിയിലും എടിഎം തകർക്കാൻ ശ്രമിക്കുകയോ മെഷീനുകളിൽ സ്പർശിക്കാതെ മടങ്ങുകയും ചെയ്തത് എന്തുകൊണ്ടാണെന്ന സംശയം പൊലീസിൽ ശക്തമായി.
സ്റ്റേഷനുകളിൽനിന്നുള്ള പൊലീസ് സംഘത്തിന്റെയോ ഹൈവേ പൊലീസിന്റെയോ എടിഎം ഇടപാടിനായി എത്തിയ ആരുടെയെങ്കിലുമോ സാന്നിധ്യമാവാം കവർച്ചാ സംഘത്തെ രണ്ടിടങ്ങളിൽ നിന്നും പിൻതിരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. കവർച്ച വ്യാപകമായി ഉണ്ടായ സാഹചര്യത്തിൽ എടിഎമ്മുകളിലെ സുരക്ഷയുമായി ബന്ധപ്പെടുത്തി കൂടുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകാനും പൊലീസ് ആലോചിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.