കണ്ണൂര്‍: കണ്ണൂർ വിമാനത്താവള പദ്ധതി പ്രദേശത്ത് എടിഎം കൗണ്ടർ തുറന്നു. സൗത്ത് ഇന്ത്യൻ ബാങ്കാണ് വിമാനത്താവള പദ്ധതി പ്രദേശത്ത് ആദ്യ എ.ടി.എം സെന്റർ ആരംഭിച്ചത്. മുന്‍ മന്ത്രി ഇപി ജയരാജനാണ് എടിഎം കൗണ്ടറിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.

പദ്ധതി പ്രദേശത്തെ രണ്ടായിരത്തിലധികം തൊഴിലാളികൾക്കും കിയാൽ, എൽ ആൻറ് ടി ജീവനക്കാർക്കും പണമിടപാടിന് സൗകര്യമൊരുക്കാനാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ അനുമതിയോടെ എ.ടി.എം സെന്റർ തുറന്നത്.

സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഹെഡ് പി.ജെ. ഫ്രാൻസിസ്‌ അധ്യക്ഷത വഹിച്ചു. കിയാൽ ചീഫ് പ്രൊജക്ട് എഞ്ചിനിയർ കെ.എസ്. ഷിബുകുമാർ, ബാങ്ക് ചീഫ് മാനേജർ സി.പി. ജോൺസൺ, ബ്രാഞ്ച് മാനേജർ ജയകൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിച്ചു.

സപ്തംബറില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴേക്കും ആധുനിക സൗകര്യമൊരുക്കുന്ന ഇന്ത്യയിലെ തന്നെ ഒന്നാംകിട വിമാനത്താവളങ്ങളിലൊന്നാകും കണ്ണൂര്‍.

വിമാനക്കമ്പനികള്‍ സര്‍വീസ് നടത്താന്‍ മുന്നോട്ടുവന്നതോടെ സെപ്റ്റംബറില്‍ ഓണക്കാലത്ത് വിമാനസര്‍വീസ് ആരംഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തികള്‍ മുന്നോട്ടുപോകുന്നത്. 50 വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൗകര്യമാണിവിടെയുണ്ടാവുക. ഏറ്റവും ആധുനികമായ രണ്ട് അഗ്‌നിശമനസംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിലേക്കുള്ള ജലവൈദ്യുതി വിതരണ സംവിധാനം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമായി.

വിമാനത്താവളത്തിന്റെ പണി അവസാന ഘട്ടത്തിലേക്ക് കടന്നതോടെ വര്‍ഷങ്ങളായുള്ള വടക്കന്‍ മലബാറുകാരുടെ ആഗ്രഹങ്ങളിലൊന്നാണ് പൂവണിയുന്നത്. നിരവധി ഗള്‍ഫ് പ്രവാസികളുള്ള കണ്ണൂര്‍ കാസര്‍കോട് ജില്ലയിലെ യാത്രക്കാരുടെയും ചിരകാല സ്വപ്‌നമാണ് സപ്തബറില്‍ ഉദ്ഘാടനത്തോടെ യാഥാര്‍ഥ്യമാവുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.