തിരുവനന്തപുരം: രണ്ട് വർഷത്തിലേറെയായി ദുബായിൽ തടവിൽ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് ബിജെപി ഇടപെടുന്നു. 12 കേസുകളിൽ 11 ഉം ഒത്തുതീർപ്പാക്കാൻ ധാരണയായെങ്കിലും ഒരു കേസിൽ പരാതിക്കാരായ ഗുജറാത്ത് സ്വദേശികൾ ഇടഞ്ഞുനിൽക്കുകയാണ്. ഇവരെ അനുനയിപ്പിക്കാനാണ് ബിജെപിയുടെ കേന്ദ്ര നേതാക്കൾ ചർച്ച നടത്തുന്നത്.

അറ്റ്‌ലസ് രാമചന്ദ്രന്റെ കുടുംബം ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമായി ചർച്ച നടത്തിയിരുന്നു. കുടുംബം കൈമാറിയ സ്വത്തുവിവരം സംബന്ധിച്ച രേഖകളും മറ്റും ബിജെപിയുടെ കേന്ദ്ര നേതാക്കളിലൊരാളായ രാം മാധവിന് കൈമാറി.

കേരളത്തിലെ സ്വത്തുവിവരം അറിഞ്ഞതോടെയാണ് കേസിലെ പരാതിക്കാരിൽ 11 പേരും പിന്മാറാൻ തയ്യാറായത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ഉടൻ തന്നെ കടം തീർക്കാമെന്ന് കുടുംബം പരാതിക്കാർക്ക് ഉറപ്പുനൽകി. അതേസമയം ഗുജറാത്ത് സ്വദേശികളുമായി നിരവധി തവണ ഒത്തുതീർപ്പ് ചർച്ച നടത്തിയിട്ടും ഇത് സംബന്ധിച്ച് ധാരണയിലെത്താനായില്ല. ഇതേ തുടർന്നാണ് ബിജെപി നേതാക്കൾ വഴി കുടുംബം ശ്രമം തുടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook