ന്യൂഡൽഹി: പി.യു.ചിത്രയ്ക്ക് ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാകില്ല. ചിത്രയെ പങ്കെടുപ്പിക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയെ അറിയിക്കുമെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. കോടതി വിധി തങ്ങളുടെ വാദം കേൾക്കാതെയാണെന്നും സമയപരിധി കഴിഞ്ഞ സാഹചര്യത്തിൽ ചിത്രയെ ടീമിൽ ഉൾപ്പെടുത്താൻ നിർവാഹമില്ലെന്നും ഫെഡറേഷൻ വ്യക്തമാക്കി. ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളിയും ചിത്രയെ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ തിങ്കളാഴ്ച അത്‍ലറ്റിക് ഫെഡറേഷൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകും.

ലോക ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ എൻട്രി സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 24 ആയിരുന്നു. അന്നു ചിത്രയുടെ പേര് ഒഴിവാക്കിയാണ് ലിസ്റ്റ് അയച്ചത്. ചിത്രയെ ഒഴിവാക്കിയതിൽ ഇടപെടാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി നിലപാട് എടുത്തത്. അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനങ്ങളില്‍ കൈകടത്താനുളള അധികാരം ഇല്ലെന്ന് കാട്ടിയാണ് കേന്ദ്ര സർക്കാര്‍ വിഷയത്തില്‍ നിന്നും തലയൂരിയത്.

ഓഗസ്റ്റ് നാലുമുതൽ 13 വരെ ലണ്ടനിൽ നടക്കുന്ന ലോക മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടും ഒഴിവാക്കിയതിനു പിന്നിൽ സെലക്‌ഷൻ കമ്മിറ്റിയിലെ ചിലരുടെ നിക്ഷിപ്ത താൽപര്യമാണെന്നായിരുന്നു ചിത്രയുടെ ആരോപണം. ഏഷ്യൻ മീറ്റിൽ ഒന്നാമതെത്തിയ താരം സ്വാഭാവികമായി ലോകമീറ്റിൽ പങ്കെടുക്കാൻ അർഹത നേടുമെങ്കിലും ഇതു പരിഗണിക്കാതെ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ തന്നെ ഒഴിവാക്കിയെന്നാണു ചിത്രയുടെ ആരോപണം. അതിനിടെ, ലണ്ടൻ ചാംപ്യൻഷിപ്പിൽ മൽസരിക്കുന്നതിനുള്ള ആദ്യ ഇന്ത്യൻ സംഘം 27നു രാത്രി ലണ്ടനിലെത്തി. 23 അംഗ ടീമാണ് ഇന്ത്യയ്ക്കായി ലണ്ടനിൽ ഇറങ്ങുക. പി.ടി.ഉഷ ഉൾപ്പെടുന്ന അടുത്ത സംഘം 31നു പുറപ്പെടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ