ആലപ്പുഴ: അതിരപ്പിളളിയിൽ അവകാശപ്പെടുന്ന വൈദ്യുതി ഉത്പാദിക്കാനുളള വെളളമില്ലെന്നും ഉമിനീരിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനാവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരിഹാസം. അതിരപ്പിളളി പദ്ധതി സംബന്ധിച്ച് സിപിഎമ്മിന്റെ വൈദ്യുതി മന്ത്രിയും സിപിഐയും തമ്മിലുളള തർക്കം തുടരുന്നു. നിയമസഭയിൽ അതിരപ്പിളളി പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞപ്പോൾ തന്നെ സിപിഐ അതിനെതിരെ രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി എം.എം.മണി വീണ്ടും അതിരപ്പിളളി പദ്ധതിയെ കുറിച്ച് പറഞ്ഞിരുന്നു. അതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തുവന്നു. ആലപ്പുഴയിൽ ഇന്ന് അദ്ദേഹം ഇക്കാര്യം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരായ പാർട്ടി നിലപാട് ആവർത്തിച്ചു.
പരിസ്ഥിതി സംരക്ഷണം ഭരണാധികാരികള്‍ക്ക് തമാശയായി മാറിയെന്നും കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു. അതിരപ്പിളളി പദ്ധതി അപ്രായോഗികമാണ്. 163 മെഗാവാട്ട് വൈദ്യുതി അതിരപ്പിള്ളിയില്‍ നിന്നും ഉത്പാദിപ്പിക്കുമെന്ന നിര്‍ദേശം പ്രായോഗികമല്ല. ചാലക്കുടി പുഴയില്‍ അതിനുള്ള വെളളമില്ല. ഉമിനീരില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനാവില്ല. അതിരപ്പിള്ളിയുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ആദിവാസികള്‍ക്കാണ്. ഇതിന്മേളുള്ള കേസ് കോടതി പരിഗണനയിലാണ്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തള്ളികളഞ്ഞതും എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഇല്ലാത്തതുമാണ് ഇപ്പോഴത്തെ നിര്‍ദേശം. വനസംരക്ഷണശ്രമങ്ങളില് നിന്നും വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരത്തിലുള്ള അപ്രായോഗിക നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനം പോകരുത്. വിനാശകരമായ പുതിയ നിലപാടുകളില്‍ ഇടതുപക്ഷ മനോഭാവമുള്ളവര്‍ ഒപ്പം ചേരരുതന്നെും കാനം രാജേന്ദ്രന് പറഞ്ഞു.
അതിരപ്പിളളി പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് സർക്കാരിന്റെ അഭിപ്രായമാണെന്നും എൽഡിഎഫിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും കാനം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിരപ്പിളളി പദ്ധതി സംബന്ധിച്ച് എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിരപ്പിളളി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി നിയമസഭയിൽ മറുപടി നൽകിയ സമയത്തായിരുന്നു കാനത്തിന്റെ ഈ പ്രതികരണം. മൂന്നാറില്‍ സിപിഎമ്മും സിപിഐയുമായി തര്‍ക്കമില്ല. അവിടെ സര്‍ക്കാരും മറ്റു ചിലരുമായാണ് തര്‍ക്കം. മൂന്നാറിനെ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു.