അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം തുടങ്ങി. കെഎസ്ഇബിയുടെ സ്ഥലത്ത് ട്രാൻസ്ഫോർമർ നിർമ്മിച്ചു. സ്ഥലത്ത് വൈദ്യുതി ലൈനും വലിച്ചിട്ടുണ്ട്. ഇതിനിടെ പദ്ധതിയുടെ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചതായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തെ സംസ്ഥാന സർക്കാർ അറിയിച്ചു. അതിരപ്പിള്ളി പദ്ധതിയുടെ പരിസ്ഥിതികാനുമതി നഷ്ടമാകാതിരിക്കാനാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചത് എന്നാണ് സൂചന.

പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്ന് ഇന്നലെ വൈദ്യുത മന്ത്രി എം.എം.മണി നിയമസഭയില്‍ പറഞ്ഞിരുന്നു. വനേതര പ്രവര്‍ത്തനങ്ങള്‍ക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടികള്‍ കെഎസ്ഇബി പൂര്‍ത്തിയാക്കിയെന്നും വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങല്‍ പുരോഗമിക്കുകയാണ്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ നിലപാടായി കാണുന്നില്ലെന്ന് ചാലക്കുടിപ്പുഴ സംരക്ഷണ സമിതി പ്രതികരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ