തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. അധികാരികള്‍ പ്രചരിപ്പിക്കുന്നതുപോലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഇല്ലാതാകുന്നതു മാത്രമല്ല പദ്ധതികൊണ്ടുള്ള ദോഷം. ജൈവവൈവിധ്യസമ്പന്നമായ 22 ഹെക്ടര്‍ പുഴയോരക്കാടുകളടക്കം 138 ഹെക്ടര്‍ വനം ഇല്ലാതാകും.
പുഴയോരക്കാടുകളില്‍ മാത്രം കാണുന്ന അപൂര്‍വവും വംശനാശഭീഷണി നേരിടുന്ന അനേകം ജന്തു-സസ്യവൈവിധ്യസമ്പത്താണ് നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുക. ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് പദ്ധതിക്കായുള്ള പരിസരാഘാത പത്രിക തയ്യാറാക്കിയിട്ടുള്ളത്. അതിരപ്പിള്ളി പദ്ധതിക്കു വേണ്ടി ഇപ്പോള്‍ കെ.എസ്.ഇ.ബി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്നും നിലവിലുള്ള പദ്ധതി നിര്‍ദ്ദേശത്തില്‍ നിന്ന് പൂര്‍ണമായും പിന്മാറണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.