തൃശൂര്‍: മൂന്നാറിനു പിറകെ അതിരപ്പിള്ളിയിലും സിപിഐഎമ്മിനെ പരസ്യമായി വെല്ലുവിളിച്ച് സി പി ഐ.
അതിരപ്പള്ളി പദ്ധതിയ്ക്കെതിരെ അതിരപ്പിള്ളി സംരക്ഷണ സംഗമം എന്ന പേരില്‍ ഞായറാഴ്ച എഐവൈഎഫ് സംഘടിപ്പിക്കുന്ന പ്രചാരണപരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പങ്കെടുക്കും. അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കുക, ചാലക്കുടി പുഴയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച വൈകീട്ട് മൂന്നിന് അതിരപ്പിള്ളിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എ.ഐ.വൈ.എഫാണ് പരിപാടി നടത്തുന്നതെങ്കിലും സി.പി.ഐ സംസ്ഥാന-ജില്ലാ നേതാക്കള്‍ തന്നെയാണ് രംഗത്തുള്ളത്. അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ആലോചിക്കുമ്പോള്‍ ഇതാദ്യമായാണ് സിപിഐ പരസ്യമായി എതിര്‍ക്കുന്ന പ്രചാരണപരിപാടികളുമായി രംഗത്തുവരുന്നത്.