scorecardresearch
Latest News

നിപ്പ വൈറസ്‌ ; പേടിപ്പിക്കുന്നത് വവ്വാലുകളും, വാട്‌സാപ്പ് മെസേജുകളും

സമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന വ്യാജവാര്‍ത്തകള്‍ ഗ്രാമവാസികളില്‍ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്‌. വൈറസുമായി യാതൊരു ബന്ധവുമില്ലാത്ത മരണങ്ങള്‍ക്കും കാരണം നിപ്പ വൈറസ്‌ ആണെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ബോധവത്കരത്തിനും തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് അധികാരികള്‍ പറയുന്നത്

നിപ്പ വൈറസ്‌ ; പേടിപ്പിക്കുന്നത് വവ്വാലുകളും, വാട്‌സാപ്പ് മെസേജുകളും

വര്‍ഷങ്ങളായി സൂപ്പിക്കടയ്ക്കു അടുത്തുള്ള തന്‍റെ കുഞ്ഞ് കടയിലിരുന്നാണ് വിശ്വനാഥന്‍ മരപ്പണി ചെയ്യാറുള്ളത്. ഇത് വരെയും യാതൊരു വിധ ഭയവും ഇല്ലാതിരുന്ന അദ്ദേഹം പക്ഷേ ഇപ്പോള്‍ ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും അടുത്തുള്ള മഹാഗണിയുടെ മുകളിലേക്ക് തലയുയര്‍ത്തി നോക്കും. ഒരു കൂട്ടം വവ്വാലുകളാണ് അവിടെ തല കുമ്പിട്ട്‌ കിടക്കുന്നത്.

“ഇതവരുടെ പ്രധാന കേന്ദ്രമാണ്. വൈകിട്ട് ഒരു ആറു മണി കഴിഞ്ഞ് വന്നാല്‍ ഇതു മാതിരി ഒരു നൂറെണ്ണം കാണും ഇവിടെ,” ഒരു തൂവാല കൊണ്ട് മുഖം മറച്ച് പണിയെടുക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് പടര്‍ന്ന് പിടിച്ച നിപ്പ വൈറസ്‌ ബാധയുടെ കാരണക്കാര്‍ വവ്വാലുകളാണെന്ന് ആരോഗ്യ വകുപ്പും, ഉദ്യോഗസ്ഥരും പറഞ്ഞതോടെയാണ് വിശ്വനാഥന്‍ അടക്കം പലരും രാത്രി മാത്രം ഭക്ഷണം തേടിയിറങ്ങുന്ന വവ്വാലുകളെ ഇങ്ങനെ പേടിച്ച് തുടങ്ങിയത്. ചൊവ്വാഴ്ച് വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം 10 പേരാണ് നിപ്പ വൈറസ്‌ ബാധയെത്തുടര്‍ന്ന് മരണമടഞ്ഞത്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

nipah,The main road cutting through the Changaroth panchayat, considered the epic entre of the outbreak.
വൈറസ് ബാധയുടെ കേന്ദ്രമെന്നു സംശയിക്കുന്ന പ്രദേശം

തൊണ്ണൂറുകളുടെ അവസാനമാണു ലോകത്ത് ആദ്യമായി നിപ്പ വൈറസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നത്. മലേഷ്യയില്‍ അന്ന് പടര്‍ന്ന വൈറസ്‌ പടർത്തിയത് പന്നികളായിരുന്നു എന്ന് പിന്നീട് തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ക്കിടയില്‍ സമാന്തരമായി ബംഗ്ലാദേശിലും, വെസ്റ്റ് ബംഗാളിലെ നദിയ, സിലിഗുഡി എന്നിവടങ്ങളിലും സാന്നിധ്യമറിയിച്ച ഈ വൈറസിന് കാരണക്കാര്‍ വവ്വാലുകളായിരുന്നു എന്നാണ് ഊഹാപോഹങ്ങള്‍ പടര്‍ന്നത്.

“ഇത് വരെ അവര്‍ യാതൊരു വിധ ഉപദ്രവങ്ങളും തന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് ചെറുതായൊരു പേടിയൊക്കെയുണ്ട്. പക്ഷേ വേറെന്ത് ചെയ്യും? കട ഇവിടെ ഇട്ടിട്ട് എനിക്ക് പോകാന്‍ പറ്റില്ലാലോ. മുഖത്ത് ധരിക്കുന്ന ഒരു മാസ്ക് വാങ്ങാന്‍ ഞാന്‍ കഴിഞ്ഞ ദിവസം ഹോസ്പ്പിറ്റലില്‍ പോയിരുന്നു. അപ്പോഴാണ്‌ അവര്‍ പറയുന്നത് ഇവിടെ മാസ്ക് കൊണ്ട തരേണ്ടതാണ്, പക്ഷേ അത് വിതരണം ചെയ്യുന്ന ആള്‍ക്ക് ഇങ്ങോട്ട്‌ വരാന്‍പേടിയാണെന്ന്. എന്താ ചെയ്യാ?” വിശ്വനാഥന്‍ തുടര്‍ന്നു.

കോഴിക്കോട് ടൗണില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരത്ത്‌ കിടക്കുന്ന ചങ്ങരോത്ത് ഗ്രാമത്തില്‍ ആളുകള്‍ക്ക് ഇത്രയധികം പേടി ഉണ്ടാകുന്നതിനെപറ്റി നമുക്ക് ഒന്നും പറയാന്‍ കഴിയില്ല. കാരണം താലുക്ക് ഹോസ്പ്പിറ്റലില്‍ ഉണ്ടായിരുന്നു നൂറോളം രോഗികളാണ് വൈറസ്‌ പടരുമോ എന്ന ഭയം കാരണം ഡിസ്ചാര്‍ജ് വാങ്ങി പോയത്. വെറും രണ്ട് രൂപയ്ക്ക് ആശുപത്രിയിൽ​ലഭ്യമാക്കുന്ന മാസ്ക്കുകള്‍ ധരിച്ചാണ്, ഈ തെരുവിലൂടെയിപ്പോള്‍ എല്ലാ മനുഷ്യരും നടക്കുന്നത്. വൈറസിനെ തടഞ്ഞ് നിര്‍ത്താനുള്ള പ്രതിരോധ ശേഷി ആ മുഖം മൂടികള്‍ക്ക് ഉണ്ടോ എന്ന് പോലും അവര്‍ക്ക് അറിയില്ല. പക്ഷേ അത് മുഖത്ത് ഇരിക്കുമ്പോള്‍ ഒന്നും സംഭിവിക്കില്ല എന്നുള്ള പ്രതീക്ഷയാണ് അവര്‍ക്ക് പിടിച്ച് നില്‍ക്കാനുള്ള ധൈര്യം നല്‍കുന്നത്.

“വളരെ അപ്രതീക്ഷിതമായി ഞങ്ങള്‍ക്ക് കിട്ടിയ ഒരു അടി ആയിരുന്നിത്. പക്ഷേ ഇപ്പോള്‍ കുറച്ചൊക്കെ സമാധാനം തോന്നുന്നുണ്ട്. വാര്‍ഡ്‌ തോറും കയറി ഇറങ്ങി ഞങ്ങള്‍ ആളുകള്‍കെല്ലാം ബോധവത്കരണം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച് കേന്ദ്രത്തില്‍ നിന്നുള്ള ഒരു സംഘം ഡോക്റ്റര്‍മാര്‍ വന്ന് ജനങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കി. ഡല്‍ഹിയിലെ എയിംസില്‍ നിന്നുള്ള മറ്റൊരു സംഘം ഇന്ന് സന്ദര്‍ശനം നടത്തുമെന്നാണു അറിയിച്ചത്,” ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ കെ.കെ പങ്കുവെച്ചു. ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് ചങ്ങരോത്ത് മരണമടഞ്ഞത്.

ആദ്യം ജനങ്ങള്‍ക്കിടയില്‍ നിലനിന്ന പരിഭ്രാന്തി മാറ്റുന്നതിന് ആരോഗ്യ വകുപ്പിന്‍റെ ഭാഗത്ത് നിന്ന് നടത്തിയ ഇടപെടലുകളെപ്പറ്റി വലിയ അഭിപ്രായമാണ് ഗ്രാമവാസികള്‍ക്ക്.
“ആദ്യമൊരു ആശങ്ക ഉണ്ടായിരുന്നു. പക്ഷേ ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് അത് കുറഞ്ഞത്. മണിപാലില്‍ നിന്ന് വന്ന ഡോക്ടര്‍ അരുണ്‍, വൈറസിനെപ്പറ്റിയും അതിന്‍റെ അനന്തരഫലങ്ങളെപ്പറ്റിയും വളരെ നന്നായി ഞങ്ങള്‍ക്ക് വിശദീകരിച്ച് തന്നു. ഇപ്പോള്‍ ചെറിയൊരു ആശ്വാസം തോന്നുന്നുണ്ട്,” സൂപ്പിക്കടയുടെ അടുത്ത താമസിക്കുന്ന 59 വയസ്സുക്കാരനായ മൂസ പറഞ്ഞു.

നിപ്പയുടെ ഉറവിടം

നിപ്പ വൈറസ്‌ പടര്‍ന്നത് സമീപത്തുള്ള ഒരു കിണറ്റില്‍ നിന്നാണ് എന്നാണു ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. സൂപ്പിക്കടയില്‍ നിന്ന് രണ്ട്‌ കിലോമീറ്റര്‍ ദൂരത്തില്‍ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് മൂസ ഹാജി സ്ഥലം വാങ്ങിയത്. അതിനു ശേഷം അവിടെ മൂടി കിടന്ന കിണര്‍ വൃത്തിയാക്കിയത് ഹാജിയുടെ മക്കളായ മഹമ്മദ് സലിഹും(26), മുഹമ്മദ്‌ സാബിത്തും(23) കൂടിയാണ്.

“ഒരുപാട് നാളായിട്ട് ഉപയോഗശൂന്യമായി കിടന്നിരുന്ന ഒരു കിണറാണത്. അതില്‍ വവ്വാലുകളും, അതിന്‍റെ കാഷ്ട്ടങ്ങളും ഉണ്ടായിരുന്നു. ആ വെള്ളം അവര്‍ കുടിച്ചോ, അതോ വൃത്തിയാക്കുക മാത്രമേ ചെയ്തുള്ളോ എന്നൊന്നും അറിയില്ല. പക്ഷേ അവിടെ നിന്നാണ് വൈറസ്‌ പകര്‍ന്നത് എന്നാണു സംശയിക്കുന്നത്” കൽപ്പണിക്കാരനായ  പ്രശാന്ത് പലോയി അഭിപ്രായപ്പെട്ടു.

nipah,The near-empty government taluk hospital where locals are scared to come
ആളൊഴിഞ്ഞ ആശുപത്രി കെട്ടിടം

സംഭവത്തെത്തുടര്‍ന്ന് കിണര്‍ മൂടിയെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളില്‍ നിന്ന് വന്ന സംഘവും, ആരോഗ്യമന്ത്രി കെ.കെ ശൈലജയും സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ പഠനങ്ങള്‍ക്ക് വേണ്ടി അതില്‍ നിന്നും വവ്വാലിനെയും പിടികൂടിയിരുന്നു. എന്നാല്‍ നിപ്പയുടെ കാരണക്കാര്‍ വവ്വാലുകളാണോയെന്ന് ഇത് വരെ ഉറപ്പായിട്ടില്ല. മെയ്‌ അഞ്ചിനായിരുന്നു നിപ്പ വൈറസ്‌ ബാധിച്ചുള്ള ആദ്യ മരണം സംഭിവിക്കുന്നത്. അന്ന് മരിച്ച മുഹമ്മദ്‌ സാബിത്തിന്‍റെ രക്തം പരിശോധനയ്ക്ക് അയച്ചെങ്കിലും, മസ്‌തിഷ്‌കവീക്കമാണ് മരണകാരണം എന്നാണ് കരുതിയിരുന്നത്. എന്നാല്‍ സമാന ലക്ഷണങ്ങളുമായി സഹോദരന്‍ സാലിഹ് കൂടി മരിച്ചതോടെയാണ് അധികാരികളിൽ​   സംശയം ജനിപ്പിച്ചത്. പിന്നാലെ അവരുടെതന്നെ ബന്ധുവായ മറിയവും മരിച്ചു. ഇവരുടെ രക്ത സാമ്പിളുകള്‍ പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും ലഭിച്ച  റിസള്‍ട്ടിലാണ് മരണകാരണം നിപ്പ വൈറസാണ് എന്ന് സ്ഥിരീകരിക്കുന്നത്. മരിച്ചവരുടെ കുടുംബവുമായി നേരിട്ട് ബന്ധമുള്ള എല്ലാവരും ഇപ്പോള്‍ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.

വാട്സാപ്പിലെ വ്യാജ സന്ദേശങ്ങള്‍

“എന്‍റെ ഗ്രാമത്തില്‍ നൂറ് പേര്‍ മരണമടഞ്ഞു എന്ന് പറഞ്ഞ് നിങ്ങള്‍ക്കൊരു മെസ്സേജ് ലഭിച്ചാല്‍ എന്ത് ചെയ്യാന്‍ പറ്റും? മറ്റുള്ളവര്‍ ഇവിടെ പരിഭ്രാന്തി സൃഷ്ടിക്കാനാണ് ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്,” ഒരു ഗ്രാമവാസി പറഞ്ഞു

സമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ഇത്തരം വ്യാജവാര്‍ത്തകള്‍ ഗ്രാമവാസികളില്‍ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്‌. വൈറസുമായി യാതൊരു ബന്ധവുമില്ലാത്ത മരണങ്ങള്‍ക്കും കാരണം നിപ്പ വൈറസ്‌ ആണെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ബോധവത്കരത്തിനും തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് അധികാരികള്‍ അറിയിച്ചത്.

“ചില വാര്‍ത്താ മാധ്യമങ്ങള്‍ ഇത് വെച്ച് കളിക്കുകയാണ്. തീര്‍ച്ചയായും ഇത് വളരെ ഗുരുതരമായ അവസ്ഥയാണ്, വളരെയധികം സൂക്ഷിക്കുകയും വേണം. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഭീകരത സൃഷ്ടിക്കരുത്,” നീണ്ട കാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന മൂസ പറഞ്ഞു. ഇവിടം സുരക്ഷിതമല്ല എന്ന ഭയം കാരണം ഗള്‍ഫില്‍ നിന്ന് പലരും അവധി പോലും വേണ്ടെന്ന് പറഞ്ഞ് നാട്ടിലേക്ക് വരാതെയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

തിങ്കളാഴ്ച് നടത്തിയ പത്രസമ്മേളനത്തിലും വാട്സപ്പ് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാരിന്‍റെ ഔദ്യോഗിക മാധ്യമങ്ങളില്‍ക്കൂടി പറയുന്നത് മാത്രം വിശ്വസിക്കുക എന്നാണു മന്ത്രി ശൈലജ പറഞ്ഞത്,

ആദ്യം നിലനിന്നിരുന്ന പേടി കാരണം പലരും സ്വന്തം വീട് ഉപേക്ഷിച്ച് ബന്ധു വീടുകളിലേക്ക് പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ച് വരുന്നുണ്ട്.

“ഒരു വൈറസ്‌ ബാധയുണ്ട് എന്നുള്ളത് ശരി തന്നെയാണ്. പക്ഷേ അതില്‍ നമ്മള്‍ ധൈര്യം കാണിക്കണം. ഒരുപാട് കുടുംബങ്ങള്‍ പശുവിനെയും,കോഴിയേയുമൊക്കെ ഉപേക്ഷിച്ച് പോയി. അവരെയൊക്കെ ആരു നോക്കും? പോയവരൊക്കെ തിരിച്ച് വരണം. നമുക്കെല്ലാം ഇതിനെ ഒരുമിച്ച് ചെറുത്ത് തോല്‍പ്പിക്കാം,” ചങ്ങരോത്തുള്ള മുൻ മേജറായ കുഞ്ഞിരാമന്‍ പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: At keralas nipah outbreak epicentre a fear of bats and whatsapp rumours