/indian-express-malayalam/media/media_files/uploads/2018/10/Karthyayani-Amma.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ പൂർണ്ണ സാക്ഷരതാ സംസ്ഥാനമാക്കാൻ ലക്ഷ്യമിട്ട് സർക്കാർ സാക്ഷരതാ മിഷൻ വഴി നടപ്പിലാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96 കാരിയായ മുത്തശ്ശിക്ക് നൂറിൽ 98 മാർക്ക്. ഹരിപ്പാട് സ്വദേശിനിയായ കാർത്യായനി അമ്മയാണ് ഉയർന്ന മാർക്കോടെ പരീക്ഷ പാസായത്.
കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇവർക്കുളള സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ വച്ച് മുഖ്യമന്ത്രി സർട്ടിഫിക്കറ്റ് സമ്മാനിക്കും. പരീക്ഷയെഴുതിയവരിൽ 42933 പേർ വിജയിച്ചു. 99.008 ശതമാനമാണ് വിജയം.
സംസ്ഥാന സാക്ഷരതാ മിഷൻ തയ്യാറാക്കിയ സാക്ഷരതാ പാഠാവലിയിൽ നിന്നായിരുന്നു ചോദ്യങ്ങൾ. നാൽപ്പത് മാർക്കിന്റേതായിരുന്നു എഴുത്തുപരീക്ഷ. 30 മാർക്കിന്റെ വായനാ പരീക്ഷയും 30 മാർക്കിന്റെ കണക്ക് പരീക്ഷയുമായിരുന്നു നടത്തിയത്.
കാർത്ത്യായനി അമ്മ എഴുത്തു പരീക്ഷയിൽ 38 മാർക്കും വായനയിൽ 30 മാർക്കും കണക്കിൽ 30 മാർക്കും നേടിയാണ് വെന്നിക്കൊടി പാറിച്ചത്. നൂറാം വയസിൽ പത്താംക്ലാസ് തുല്യത പരീക്ഷ പാസാവണമെന്നാണ് കാർത്ത്യായനി അമ്മയുടെ മോഹം. കാർത്ത്യായനി അമ്മയുടെ ഒപ്പമിരുന്ന് പരീക്ഷയെഴുതിയ ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ പിള്ളയ്ക്ക് നൂറിൽ 88 മാർക്ക് ലഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.