തിരുവനന്തപുരം: മരിച്ച വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തിയെന്ന ആരോപണത്തിനെതിരെ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. പത്രസമ്മേളനത്തിലായിരുന്നു അശ്വതിയുടെ പ്രതികരണം. ലിഗയുടെ സഹോദരി ഇലീസും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിലായിരുന്നു വാര്‍ത്താസമ്മേളനം നടത്തിയത്.

പണപ്പിരിവ് നടത്തിയിട്ടില്ലെന്നും പരാതിയെ നേരിടുമെന്നും എന്തൊക്കെ ആരോപണം ഉയര്‍ന്നാലും ലിഗയുടെ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കുമെന്നും അശ്വതി പറഞ്ഞു. ആരും സഹായിക്കാനില്ലാത്ത, നിരാലംബരായ ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജ്വാലയെന്നും അവര്‍ പറഞ്ഞു. അശ്വതി പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെ ഇലീസും എതിര്‍ത്തു.

ലിഗയുടെ മരണത്തിനു ശേഷം അശ്വതി, അവരുടെ ബന്ധുക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിനു ശേഷം പണപ്പിരിവ് നടത്തിയെന്നാണ് പരാതി. 380000 രൂപ അശ്വതി കൈപ്പറ്റിയെന്നാണ് ആരോപണം. ലിഗയുടെ പേരില്‍ അശ്വതി പണപ്പിരിവ് നടത്തിയെന്നാണ് തിരുവനന്തപുരം സ്വദേശി ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതി നല്‍കിയത് ആരാണെന്ന് പുറത്ത് വിട്ടിട്ടില്ല.

കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലാറ്റ്വിയന്‍ വനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലെ കൂടുതല്‍ വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കഴുത്ത് ഞെരക്കുമ്പാഴാണ് തരുണാസ്ഥികള്‍ പൊട്ടുന്നതെന്നാണ് വിവരം.

കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ ലിഗയുടെ ശരീരത്തിലെത്തിയിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എന്ത് വസ്തുവാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമല്ല. രാസപരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ശരീരത്തിലെത്തിയ വസ്തുവെന്താണെന്നതില്‍ വ്യക്തത ലഭിക്കൂ.

ഇരുകാലുകള്‍ക്കും ഒരേ രീതിയില്‍ മുറിവേറ്റിട്ടുമുണ്ട്. എന്നാല്‍ ബലാത്‌സംഗ ശ്രമം നടന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്?ഥീരീകരിക്കാനായിട്ടില്ല. അന്തിമ റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പൊലീസിന് കൈമാറുമെന്നാണ് സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.