ന്യൂഡല്‍ഹി: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍. സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭാ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശാണ് ഹര്‍ജി സമര്‍പ്പിച്ചത്. ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെ ഉത്തമവിശ്വാസത്തോടെയാണ് കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തീരുമാനിച്ചതെന്നും ഇതില്‍ ഹൈക്കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്നും കേരളം അപ്പീല്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുക്കേണ്ടത് പബ്ലിക് പ്രോസിക്യൂട്ടറാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ ഹര്‍ജി ഫയല്‍ ചെയ്തു. സഭയുടെ അന്തസ് കെടുത്തുന്ന തരത്തില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കരുതെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം.
കേസില്‍ മന്ത്രി വി. ശിവന്‍കുട്ടിയെക്കൂടാതെ, മുന്‍ മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, മുന്‍ എംഎല്‍എമാരായ കെ കുഞ്ഞമ്മദ്, സി.കെ. സദാശിവന്‍, കെ. അജിത് എന്നിവരാണ് പ്രതികള്‍. ഇവര്‍ വിചാരണ നേരിടണമെന്ന് മാര്‍ച്ച് 12നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണു സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും
കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്തെ വിചാരണക്കോടതി കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ തള്ളിയിരുന്നു. ഇത്തേുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വി.ശിവന്‍കുട്ടി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ ആദ്യ പിണറായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു.
2015-ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണു നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരെയായിരുന്നു പ്രതിഷേധം.
ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തഅി. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.