തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി സംഭവത്തില്‍ തങ്ങള്‍ മാത്രമല്ല സ്പീക്കറുടെ ഡയസില്‍ കയറിയതെന്ന വാദവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍. തോമസ് ഐസക്ക്, വി.എസ്. സുനില്‍കുമാര്‍, പി. ശ്രീരാമകൃഷ്ണന്‍, ബി സത്യന്‍ എന്നിവര്‍ ഉള്‍പ്പെടെ ഇരുപതോളം എംഎല്‍എമാര്‍ ഡയസില്‍ കയറി. തങ്ങള്‍ മാത്രം എങ്ങനെ പ്രതികളായെന്ന് അറിയില്ലെന്നും ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിഭാഗം ബോധിപ്പിച്ചു.
കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കലിനിടെയാണ് പ്രതിഭാഗം പുതിയ വാദം ഉന്നയിച്ചത്. മന്ത്രി വി ശിവന്‍കുട്ടിയെ കൂടാതെ കെ.ടി. ജലീല്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ ഇ.പി ജയരാജന്‍, കെ.കുഞ്ഞമ്മദ്, കെ. അജിത്, സി.കെ. സദാശിവന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് കെട്ടിച്ചമച്ച ദൃശ്യങ്ങളാണ്. എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധം മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടി. പ്രതികളുടേത് പ്രതിഷേധമായിരുന്നു, മറിച്ച് അക്രമമല്ല. ബജറ്റ് പ്രസംഗം തടസപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം. വാച്ച് ആന്‍ഡ് വാര്‍ഡായി വന്ന പൊലീസുകാര്‍ അതിക്രമം കാണിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തും തള്ളിലുമാണ് സ്പീക്കറുടെ കസേര, കംപ്യൂട്ടര്‍ തുടങ്ങിയവ നശിച്ചത്. 21 മന്ത്രിമാര്‍ ഉള്‍പ്പെടെ 140 എംഎല്‍എമാരും നിയമസഭയില്‍ ഉണ്ടായിരുന്നിട്ടും കേസില്‍ പൊലീസുകാരെ മാത്രമാണ് സാക്ഷികളായതെന്നും പ്രതിഭാഗം വാദിച്ചു.
Also Read: കര്‍ഷക സമരം: തിങ്കളാഴ്ച ഹര്‍ത്താല്‍, ബിഷപ്പ് വിഷയത്തില്‍ നിലപാട് മാറ്റി വിജയരാഘവന്‍
എന്നാല്‍, പ്രതികള്‍ പ്രഥമദൃഷ്ടാ കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ചെയ്യുന്നത് നിയമപരമായി തെറ്റാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതികള്‍ പൊതുമുതല്‍ നശിപ്പിച്ചത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു വാങ്ങിയ ഉപകരണങ്ങള്‍ ഒരു എംഎല്‍എയ്ക്കും നശിപ്പിക്കാനാകില്ല. പ്രതികള്‍ പൂര്‍ണ ബോധത്തോടെയാണ് അക്രമം നടത്തിയത്. ഇത്തരമൊരു പ്രവൃത്തി നിയമസഭ ചരിത്രത്തിലാദ്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
വിടുതല്‍ ഹര്‍ജിയില്‍ അടുത്തമാസം ഏഴിനു കോടതി ഉത്തരവ് പുറപ്പെടുവിക്കും. 2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ അക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.