നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. വിചാരണക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മന്ത്രി വി.ശിവന്‍കുട്ടിയും കെ.ടി ജലീലും അടക്കം ആറു പ്രതികളുടെ ഹര്‍ജിയാണ് ജസ്റ്റീസ് സിയാദ് റഹ്മാന് നിരസിച്ചത്. ഈ മാസം 14 ന് വിചാരക്കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അനുവദിച്ചില്ല.കേസില്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കരുതെന്ന് കോടതി വ്യക്തമാക്കി.
2015 മാര്‍ച്ച് 13 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നത്തെ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കേസ്. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ കെ.എം .മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്തിയ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിലടക്കം കയറി കസേരമറിച്ചിടുകയും കംപ്യൂട്ടര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ആദ്യം തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. ഇതിന്റെ അപ്പീല്‍ തള്ളിയ സുപ്രീം കോടതി വിചാരണ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.