തിരുവനന്തപുരം: തുടർച്ചയായി മൂന്നാം ദിവസവും നിയമസഭയിൽ യുഡിഎഫ് പ്രതിഷേധം. രാവിലെ 8.30ഓടെ ചോദ്യോത്തര വേള ആരംഭിക്കുമ്പോള്‍ സംസ്ഥാനത്തെ കൊലപാതകങ്ങളില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റു. പൊതുപ്രാധാന്യമുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയത്തിന് അവതരണാനുമതി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ ചോദ്യോത്തര വേള ഒഴിവാക്കി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ച് നിയമസഭയില്‍ നിന്നും പുറത്തേക്ക് പോയി. ഇന്നലെ നടുത്തളത്തിലിറങ്ങി ബഹളംവച്ചും ബാനറും പ്ലക്കാർഡും ഉപയോഗിച്ച് സ്പീക്കറുടെ കാഴ്ച മറച്ചും പ്രതിഷേധം നടത്തിയിരുന്നെങ്കിലും ഇന്ന് ബഹിഷ്കരിച്ച് പുറത്തുപോവുകയായിരുന്നു. ചൊവ്വാഴ്ചയും കൊല്ലപ്പെട്ട ഷുഹൈബിന്റെ പേരിലായിരുന്നു പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ചത്.
ഇന്നലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾതന്നെ യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. സ്പീക്കറുടെ കാഴ്ച മറച്ച് പ്ലക്കാർഡുകളും ബാനറും ഉയർത്തി. ഇതോടെ സ്പീക്കർ ചോദ്യോത്തരം താൽക്കാലികമായി നിർത്തിവച്ചു. കക്ഷിനേതാക്കളുമായി ചർച്ച നടത്തിയശേഷം വീണ്ടും സഭ ചേർന്ന് ചോദ്യോത്തരത്തിലേക്ക് കടന്നു.