തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഒരുക്കങ്ങൾ സജീവമാവുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ കേന്ദ്രസേന വേണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ക്രിമിനല്‍ പശ്ചാത്തലമുളള സ്ഥാനാര്‍ഥികളെ ഒഴിവാക്കിക്കൂടെയെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലബാർ മേഖലയിലെ പ്രശ്നബാധിതബൂത്തുകളിൽ കൂടുതൽ കേന്ദ്രസേന വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കളളവോട്ടിന് സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും. ഇതിനായി 150 കമ്പനി കേന്ദ്ര സേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസേനയുടെ ആദ്യസംഘം വ്യാഴാഴ്ച വരും. 25 കമ്പനി സേനയാണ് വരുന്നത്. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് സേനയെ വിന്യസിക്കുന്നത്.

Read More: സണ്ണി ലിയോണിന്റെ വിദേശയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം മൂന്നു തവണ പരസ്യപ്പെടുത്തണം. ഇത്തവണ ഒരു ബൂത്തിൽ ആയിരം വോട്ടർമാരാകും ഉണ്ടാകുക. അതിനാൽ 15730 അധികബൂത്തുകൾ വേണം. രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ടിക്കാറാം മീണ മുന്നറിയിപ്പ് നൽകി.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്സിൻ നൽകുന്ന നടപടിയും ആരംഭിച്ചു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ തന്നെയാണ് വാക്സിൻ ആദ്യം സ്വീകരിച്ചത്. വരും ദിവസങ്ങളിൽ ഡ്യൂട്ടിക്കുള്ള കൂടുതൽ ഉദ്യോഗസ്ഥർ വാക്സിൻ സ്വീകരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.