തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാഷ്ട്രീയ കേരളം പ്രവേശിച്ചു കഴിഞ്ഞു. വിവിധ മുന്നണികളുടെ കേരള പര്യടനവും സീറ്റ് ചർച്ചകളും പുരോഗമിക്കുകയാണ്. അതിനിടയിലാണ് ഏഷ്യനെറ്റ് ന്യൂസിന്റെ സി ഫോർ സർവെ ഫലം എത്തുന്നത്. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന് തിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിക്കുമെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് സർവെയിൽ നിന്ന് മനസിലാക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനം മികച്ചതാണെന്ന് സർവേയുടെ ഭാഗമായ 45 ശതമാനം ആളുകളും പറയുന്നു. തൃപ്തികരമെന്ന് 24 ശതമാനം പേരും അഭിപ്രായപ്പെട്ടപ്പോൾ 31 ശതമാനം പേർ അദ്ദേഹത്തിന്റെ പ്രവർത്തനം മോശമാണെന്ന് അഭിപ്രായപ്പെടുന്നവരാണ്. സൗജന്യ ഭക്ഷ്യക്കിറ്റും ക്ഷേമപെൻഷൻ വർധനവും കോവിഡ് പ്രതിരോധവും പ്രളയ ദുരിതാശ്വാസവും എൽഡിഎഫ് സർക്കാരിന്റെ മികച്ച നേട്ടങ്ങളായി വിലയിരുത്തുമ്പോൾ ശബരിമല വിഷയവും അടിസ്ഥാന സൗകര്യ വികസനവും പിഎസ്സിയും സർക്കാരിന്റെ പരാജയമായും കണക്കാക്കുന്നു.
വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും എൽഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് സർവേ പറയുന്നു. മധ്യ കേരളത്തിൽ യുഡിഎഫിനായിരിക്കും മേധാവിത്വം. വടക്കൻ കേരളത്തിൽ ആകെയുള്ള അറുപത് സീറ്റുകളിൽ എൽഡിഎഫ് 32 മുതൽ 34 സീറ്റുകൾ നേടുമെന്ന് സർവേ പ്രവചിക്കുന്നു. 43 ശതമാനം വോട്ടുവിഹിതവും എൽഡിഎഫ് നേടും. മലബാറിൽ യുഡിഎഫ് 24 മുതൽ 26 സീറ്റുകൾ നേടുമെന്നാണ് പ്രീപോൾ സർവേ പ്രവചിക്കുന്നത്. 39 ശതമാനം വരെ വോട്ടുവിഹിതവും യുഡിഎഫിന് കിട്ടും.
തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമെന്ന് പ്രീപോൾ സര്‍വ്വേ പ്രവചിക്കുന്നു. യുഡിഎഫിന് 23 മുതൽ 25 വരെ സീറ്റുകളും, എൽഡിഎഫിന് 16 മുതൽ 18 വരെ സീറ്റുകളും, എൻഡിഎയ്ക്ക് പൂജ്യം മുതൽ ഒരു സീറ്റ് വരെയുമാണ് പ്രവചിക്കുന്നത്. മധ്യകേരളത്തിൽ യുഡിഎഫിന് 42 ശതമാനം വോട്ടുവിഹിതവും എൽഡിഎഫിന് 39 ശതമാനവും എൻഡിഎയ്ക്ക് 16 ശതമാനം വോട്ടുവിഹിതവും പ്രതീക്ഷിക്കുന്നു.