തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പട്ടികയിൽ പേരില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതുവരെ പേര് ചേർക്കാം. 2 കോടി 69 ലക്ഷം വോട്ടർമാരാണ് ഇന്ന് പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ ഉള്ളത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, കൊറോണ രോഗികൾക്കും, തപാൽവോട്ട് അനുവദിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് പ്രഖ്യാപിക്കും. ആരോഗ്യവകുപ്പുമായി ചേർന്ന് കൂടിയാലോചിച്ച ശേഷമായിരിക്കും പ്രഖ്യാപനം. എപ്പോഴാണ് തപാൽ വോട്ടിനായി അപേക്ഷ നൽകേണ്ടത് എന്നത് സംബന്ധിച്ച വിവരങ്ങളും ഇന്ന് പുറത്തുവിടും.

Read More: വോട്ടർ പട്ടികയിൽ ഇനിയും ഇടംനേടാം, പേര് ചേർക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിലൂടെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. അടുത്ത മാസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെത്തി രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തും. ഫെബ്രുവരി അവസാനത്തോടെ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഏപ്രിൽ പകുതിയോടെ സംസ്ഥാനത്ത് തിരഞ്ഞടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍പട്ടികയില്‍ പേരില്ലാതെ പോകുന്ന സാഹചര്യം പലർക്കും ഉണ്ടായേക്കും. അതിനാല്‍ പേര് ഉണ്ടോയെന്ന് ഉറപ്പാക്കാനും പുതുതായി പേര് ചേര്‍ക്കാനുമുള്ള അവസരമാണിത്. തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക നേരത്തേ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് അന്തിമ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. ഓണ്‍ലൈനായി ബൂത്ത് തലമനുസരിച്ച് പരിശോധിക്കാം. //ceo.kerala.gov.in/electoralrolls.html എന്നതാണ് ഇതിനായുള്ള ലിങ്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.