കണ്ണൂര്‍: നിശ്ചയദാര്‍ഢ്യത്തിന്റെ ഒറ്റക്കാലിലാണ് അന്നത്തെ ആറു വയസുകാരി 19 വര്‍ഷം നടന്നുതീര്‍ത്തത്. ഒടുവില്‍ ചെറുവാഞ്ചേരിയുടെ സ്വന്തം ഡോക്ടറായി തിരിച്ചെത്തുമ്പോള്‍ അസ്‌നയുടെ നടപ്പിനു പണ്ടത്തേതിനേക്കാള്‍ കരുത്തുണ്ട്. കണ്ണും കാതുമില്ലാത്ത അക്രമരാഷ്ട്രീയത്തിന്റെ ബോംബേറില്‍ വലതുകാല്‍ നഷ്ടപ്പെട്ട അസ്‌ന സ്വന്തം നാടിന്റെ ഡോക്ടറായി ചുമതലയേറ്റു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അസ്‌ന ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇന്നു രാവിലെയാണു താല്‍ക്കാലിക ഡോക്ടറായി ചുമതലയേറ്റത്. വീടിന് അടുത്തുതന്നെയാണു കുടുംബാരോഗ്യകേന്ദ്രം. അപേക്ഷകരില്‍ ഒന്നാം സ്ഥാനം നേടിയ ഡോ. അസ്‌നയ്ക്കു നിയമനം നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞദിവസം തീരുമാനിക്കുകയായിരുന്നു.

2000 സെപ്തംബര്‍ 27നു നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനിടെയാണു ബിജെപി പ്രവര്‍ത്തകരുടെ ബോംബേറില്‍ അസ്‌നയുടെ കാല്‍ നഷ്ടപ്പെട്ടത്. തിരഞ്ഞെടുപ്പ് ബൂത്തായ പൂവത്തൂല്‍ എല്‍പി സ്‌കൂളിനു സമീപത്തെ വീട്ടുമുറ്റത്തു സഹോദരന്‍ ആനന്ദിനൊപ്പം കളിക്കവെയാണു സംഭവം. ബോംബേറില്‍ ആനന്ദിനും അമ്മ ശാന്തയ്ക്കും പരുക്കേറ്റിരുന്നു. കേസില്‍ അന്നത്തെ ബിജെപി നേതാവ് എ അശോകന്‍ ഉള്‍പ്പെടെയുള്ള 14 പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. പിന്നീട് സിപിഎമ്മിലെത്തിയ അശോകന്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Read Also: പാലാരിവട്ടം അഴിമതി: ഇബ്രാംഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

ആദ്യമാദ്യം അച്ഛന്റെ തോളിലേറി സ്‌കൂളിലെത്തി. ആറാം ക്ലാസ് മുതല്‍ കൃത്രിമകാലുപയോഗിച്ചാണു നടന്നത്. കൃത്രിമക്കാല്‍ ഉപയോഗിക്കുന്നതിന്റെ വേദനയും അസ്വസ്ഥതയും ഇപ്പോഴുമുണ്ട്. കാല്‍ നഷ്ടപ്പെട്ട് ആശുപത്രിയില്‍ കിടന്ന കാലത്ത് ഡോക്ടര്‍മാരില്‍നിന്നു ലഭിച്ച സ്‌നേഹവായ്പാണു ഡോക്ടറാകുകയെന്ന ആഗ്രഹത്തിലേക്ക് അസ്‌നയെ എത്തിച്ചത്. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ഉന്നത മികച്ച വിജയം നേടിയ അസ്ന 2013ല്‍ തന്റെ സ്വപ്‌നത്തിലേക്ക് നടന്നടുത്തു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു എംബിബിഎസ് പ്രവേശനം. എന്നാല്‍ നാലാം നിലയിലെ ക്ലാസിലെത്താന്‍ പടികള്‍ കയറേണ്ടത് അസ്‌നയെ കുഴക്കി. ഇതു പരിഗണിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോളേജില്‍ ലിഫ്റ്റ് അനുവദിച്ചു.

പഠനത്തിനും ചികിത്സയ്ക്കുമായി നാട്ടുകാര്‍ 15 ലക്ഷം രൂപ സമാഹരിച്ചു നല്‍കി. കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചുനല്‍കിയിരുന്നു. ഒരു വര്‍ഷം മുന്‍പ് എംബിബിഎസ് പാസായ അസ്‌ന ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയശേഷമാണു ചെറുവാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലിക്ക് അപേക്ഷിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.