കൂത്തുപറമ്പ് : കണ്ണൂരിലെ കലാപ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ അസ്ന ഇനി ഡോക്ടറാണ്. ചെറുവാഞ്ചേരിയിലെ അസ്നയെ ആരും മറന്നു കാണുമെന്ന് തോന്നുന്നില്ല. ബോംബുകള്‍ ജീവിതത്തിന് വിലപറഞ്ഞ കണ്ണൂരിലെ കലാപകാലത്തിന്റെ ബാക്കിപത്രമാണ് അസ്ന. ആറാം വയസ്സില്‍ ബോംബേറില്‍ വലതുകാല്‍ ചിതറിത്തെറിച്ചുപോയി. പിന്നീടിങ്ങോട്ട് വേദനയുടെയും മരുന്നുകളുടെയും ലോകത്തായിരുന്നു അസ്ന. കൂട്ടുകാര്‍ കളിച്ചു നടക്കുമ്പോള്‍ പൊയ്ക്കാലില്‍ സ്വപ്നങ്ങളിലേക്ക് പിച്ചവെക്കുകയായിരുന്നു അസ്ന.

2000 സെപ്തംബർ 27 ന് വൈകുന്നേരം വീട്ടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന അസ്നയ്ക്കാണ് ബി ജെ പി പ്രവർത്തകരുടെ ആക്രമണത്തിൽ കാൽ നഷ്ടമായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അന്നാണ്  ബി ജെ പി പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. കോൺഗ്രസ് അനുഭാവി കുടുംബമായിരുന്നു അസ്നയുടേത്.  പൂവത്തൂർ എൽ പി സ്കൂളിൽ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായിരിക്കെയാണ് അസ്ന അക്രമത്തിനിരയായത്. ബോംബേറിൽ അസ്നയുടെ വലതുകാലാണ് തകർന്നത്. ഈ​ കാൽ മുറിച്ച് മാറ്റേണ്ടി വന്നു.   ഈ കേസിൽ പതിനാല് പ്രതികളെ ജില്ലാ കോടതി ശിക്ഷിച്ചിരുന്നു.

എന്നാല്‍, ബോംബെറിഞ്ഞവര്‍ക്ക് അസ്നയുടെ കാല് മത്രമേ തകര്‍ക്കാനായുള്ളു. അസാമാന്യമായ മനക്കരുത്തോടെ വേദനകള്‍ മറികടന്ന് അസ്ന പഠനത്തിലൂടെ പുതിയ ആകാശങ്ങള്‍ എത്തിപ്പിടിച്ചു. ഇതോടെ വേദന നിറഞ്ഞ ലോകത്തുനിന്നും മറ്റുള്ളവരുടെ വേദനകളകറ്റാനുള്ള വഴികളിലേക്ക് തിരിയുകയാണ് അസ്ന.

ഇന്നലെ വൈകുന്നേരത്തോടെയാണ് എം.ബി.ബി.എസ്.പരീക്ഷയിൽ വിജയിച്ച കാര്യം അസ്ന അറിഞ്ഞത്. ഇതോടെ ഡോക്ടർ എന്ന താൽക്കാലിക റജിസ്ട്രേഷൻ പദവി അസ്നയ്ക്ക് ലഭിച്ചു. ഇനി ഒരു വർഷത്തെ ഹൗസ് സർജൻസി കോഴ്സു കൂടി പൂർത്തിയാക്കിയാൽ സ്ഥിരം ഡോക്ടർ പദവി ലഭിക്കും. 2013ലായിരുന്നു അസ്ന മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.

2000 സെപ്തംബർ 27ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിനത്തിലാണ് സഹോദരൻ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസുകാരിയായ അസ്നയുടെ നേർക്ക് ബോംബു വന്നു വീണത്. ബോംബേറിൽ ആനന്ദിനും പരിക്കേറ്റിരുന്നു.വീടിനു സമീപം പൂവത്തൂർ ന്യൂ.എൽ.പി.സ്കൂളിലായിരുന്നു പോളിംഗ് സ്റ്റേഷൻ. അവിടെയുണ്ടായ അക്രമത്തിനിടെ എറിഞ്ഞ ബോംബ് അസ്നയുടെ വീട്ടുമുറ്റത്തേക്ക് വീഴുകയായിരുന്നു.പരിക്കേറ്റ അസ്നയ്ക്ക് പിന്നീട് വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു. എന്നാൽ വിധിക്കെതിരെയുള്ള പോരാട്ടമായിരുന്നു അസ്നയ്ക്ക് തുടർന്നുള്ള ജീവിതം. കൃത്രിമ കാൽ ഘടിപ്പിച്ചായിരുന്നു ഓരോ കാൽവെപ്പും. മിടുക്കിയായ അസ്ന അങ്ങിനെ ഡോക്ടറാകാൻ പഠിച്ചു തുടങ്ങി.

ഇതിനിടെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച് നിർധനരായ അസ്നയുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നല്കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശ പ്രകാരം അസ്നയ്ക്ക് ഉപയോഗിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യവും ഏർപ്പാട് ചെയ്തിരുന്നു. ഡോക്ടർ പദവി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പരിക്കേറ്റ് ഏറെ കാലം ആശുപത്രിയിൽ കഴിയേണ്ടിവന്ന കാലത്ത് മനസിൽ ഉടലെടുത്ത ആഗ്രഹമാണ് ഡോക്ടറാവുക എന്നതെന്നും അസ്ന പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ