scorecardresearch
Latest News

ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനം ‘ഹഡില്‍ കേരള’ കോവളത്ത്

ഏപ്രില്‍ ആറ്, ഏഴ് തീയതികളില്‍ കോവളം ലീല ബീച്ച് റിസോര്‍ട്ടിലാണ് സമ്മേളനം

start up

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തിന് തലസ്ഥാനം വേദിയാകുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നേതൃത്വം നല്‍കുന്ന ഹഡില്‍ കേരള സ്റ്റാര്‍ട്ടപ്പ് സമ്മേളനം ഏപ്രില്‍ ആറ്, ഏഴ് തീയതികളില്‍ കോവളം ലീല ബീച്ച് റിസോര്‍ട്ടില്‍ നടക്കും. സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് സ്വന്തം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും (പിച്ചിങ്) മുന്‍നിര സാങ്കേതിക-വിപണി പ്രമുഖരുമായി ആശയവിനിമയത്തിനും നിക്ഷേപം ആകര്‍ഷിക്കാനുമുള്ള അവസരമാണ് ഹഡില്‍ കേരള.

മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ഹഡില്‍ കേരള’ ഉദ്ഘാടനം ചെയ്യും. ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ), ഐഎഎംഎഐ സ്റ്റാര്‍ട്ടപ് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍. ഷാര്‍ജ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഉന്നതസമിതി ചെയര്‍മാന്‍ ഷെയ്ഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ക്വാസിമി, നെതര്‍ലന്‍ഡ്സ് രാജകുമാരന്‍ കോണ്‍സ്റ്റാന്‍റിന്‍ എന്നിവര്‍ ഉള്‍പ്പെടുയുള്ള ഉന്നതര്‍ അതിഥികളായെത്തും.

ചര്‍ച്ചകള്‍ക്കായി കടലോര കൂട്ടായ്മകളും രാത്രിപ്രദര്‍ശനങ്ങളുമുള്‍പ്പെടെ ഇടവേളകളില്ലാതെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഹഡില്‍ കേരള പരിപാടികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ് സമ്മേളനമൊരുക്കുകയാണ് ലക്ഷ്യം. പങ്കെടുക്കാന്‍ ഏപ്രില്‍ മൂന്നുവരെ http://www.huddle.net.in. എന്ന വെബ്സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യാം.

ഏഷ്യയിലെയും യൂറോപ്പിലെയും ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരും വിപണിനേതൃത്വവുമായിരിക്കും ‘ഹഡില്‍ കേരള’യില്‍ പങ്കെടുക്കുന്നതെന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് പറഞ്ഞു. സംരംഭകര്‍ക്കായി മികച്ച ആശയവിനിമയ വേദികളുണ്ടാകും. വിപണിയിലെ പ്രമുഖര്‍ക്കു മുന്നില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു ലഭിക്കുന്ന ഏറ്റവും മികച്ച വേദിയാകും ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, അക്കാദമിക വിദഗ്ധര്‍, വിപണിനേതാക്കള്‍ എന്നിവരുള്‍പ്പെടെ രണ്ടായിരത്തോളം പേരാണ് ‘ഹഡില്‍ കേരള’യ്ക്കെത്തുന്നത്. 30 സെഷനുകളിലായി 40 പ്രഭാഷകരും പങ്കെടുക്കും. ബ്ലോക്ക്ചെയ്ന്‍, ക്രിപ്റ്റോകറന്‍സി, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, ഗെയ്മിങ് ആന്‍ഡ് ഇ-സ്പോര്‍ട്സ്, സൈബര്‍ സെക്യുരിറ്റി, ഡിജിറ്റല്‍ വിനോദങ്ങള്‍, ഓഗ്മെന്‍റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഇ ഗവേണന്‍സ്, മൊബൈല്‍ ഗവേണന്‍സ് എന്നിവയിലായിരിക്കും ഹഡില്‍ കേരളയില്‍ ഊന്നല്‍.

വേദിയിലെ പരിപാടികള്‍ക്കു പുറമെ നെറ്റ്‌വര്‍ക്കിങ് സെഷന്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, ശില്‍പശാലകള്‍, സമാന്തര ചടങ്ങുകള്‍ എന്നിവയും നടക്കും. വിജയികളായ സംരംഭകരും നിക്ഷേപകരും ഉള്‍പ്പെടുന്നതാണ് പ്രഭാഷകനിര. സ്റ്റാര്‍ട്ടപ്പുകളുടെ വലിയ കൂട്ടായ്മ സൃഷ്ടിക്കുക, സ്ഥാപക-നിക്ഷേപക കൂടിക്കാഴ്ചകള്‍ സൃഷ്ടിക്കുക, അടുത്ത തലമുറയിലേക്കു വളരാന്‍ കമ്പനികളെ സഹായിക്കുക എന്നിവയാണ് ‘ഹഡില്‍ കേരള’യുടെ ലക്ഷ്യങ്ങള്‍.

ആശയങ്ങളുമായി മുന്നോട്ടുവന്ന് പിച്ചിങ് നടത്തുന്ന 100 കമ്പനികള്‍ തമ്മില്‍ നടക്കുന്ന ‘ഹഡില്‍ 100’ മല്‍സരം സമ്മേളനത്തിന്‍റെ ആദ്യദിനം തന്നെ തുടങ്ങും. ഇതില്‍നിന്നു തിരഞ്ഞെടുക്കുന്ന 10 മികച്ച കമ്പനികള്‍ അടുത്ത ദിവസം പിച്ചിങ് തുടരുകയും മുന്‍നിര വിപണിനേതാക്കള്‍ ഇതിനു മേല്‍നോട്ടം വഹിക്കുകയും ചെയ്യും. പത്തു കമ്പനികളില്‍നിന്ന് സെമി ഫൈനല്‍ ടീമുകളെയും പിന്നീട് ഫൈനല്‍ ടീമുകളെയും തിരഞ്ഞെടുക്കും.

പ്രത്യേകം സജ്ജീകരിക്കുന്ന സ്റ്റാര്‍ട്ടപ് സോണി (ഡെമോ ബൂത്ത്)ല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാം. ആഗോള ലൊക്കേഷന്‍ മാര്‍ക്കറ്റിങ് സ്പെഷലിസ്റ്റുകളായ പോസ്റ്റര്‍സ്കോപ്, മൊബൈല്‍ ആപ് നിര്‍മാതാക്കളായ സോഹോ കോര്‍പറേഷന്‍ എന്നിവരാണ് പരിപാടിയുടെ സ്പോണ്‍സര്‍മാര്‍.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Asias largest startup conclave huddle kerala to begin on april