തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചകളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കും. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികൾ തന്നെ വന്നു കണ്ടെന്നും ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പക്ഷപാതപരമാണെന്ന് ആരോപിച്ചാണ് സിപിഎം ഔദ്യോഗികമായി ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചകൾ ബഹിഷ്‌കരിച്ചത്. ഏകദേശം മൂന്ന് മാസത്തോളമായി ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചകൾക്ക് സിപിഎം പ്രതിനിധികൾ എത്തിയിരുന്നില്ല. തങ്ങളുടെ പ്രതിനിധികൾക്ക് വസ്‌തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാട് വ്യക്‌തമാക്കാനും ചർച്ചയിൽ സമയം നൽകുന്നില്ലെന്നായിരുന്നു സിപിഎം ആരോപണം.

“മാധ്യമങ്ങളുമായി സംവദിക്കാൻ സിപിഎം എപ്പോഴും തയ്യാറാണ്. ചർച്ചകളിലും സംവാദങ്ങളിലും ഒരു രാഷ്‌ട്രീയ പാർട്ടി എന്ന നിലയിൽ അർഹിക്കുന്ന പരിഗണന തങ്ങൾക്ക് നൽകണം. അനർഹമായ ഒരു പരിഗണനയും വേണ്ട,” കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: ഏഷ്യാനെറ്റ്‌ ന്യൂസ് ചര്‍ച്ചകള്‍ പക്ഷപാതപരമന്ന് സിപിഎം; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ചാനല്‍

ചർച്ചകളിൽ പക്ഷപാതമുണ്ടെന്ന സിപിഎം ആരാേപണം ‘ഏഷ്യാനെറ്റ് ന്യൂസ്’ നേതൃത്വം തള്ളികളഞ്ഞിരുന്നു. സിപിഎമ്മിന്റെ ആരോപണങ്ങൾ ശരിയല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റർ എം.ജി.രാധാകൃഷ്‌ണൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു.

Read Also: അടുത്ത മുഖ്യമന്ത്രി ആരാകണം, പിണറായി വിജയനോ കെകെ ശൈലജയോ? പിന്തുണ കൂടുതല്‍ ആര്‍ക്ക്? ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ ഫലം അറിയാം

“ചർച്ചയിൽ അതാത് സമയത്തെ യുക്‌തി നോക്കി അവതാരകർ ഇടപെടുന്നതാണ്. ചർച്ചയിലെ ഇടപെടലുകൾ ആസൂത്രിതമല്ല. ഒരു ചർച്ചയിലെ സ്വാഭാവിക ഇടപെടലുകൾ മാത്രമാണ് അത്. അതാത് സർക്കാരിന്റെ കാലത്ത് അവർക്കെതിരെ വാർത്തകൾ കൊടുക്കുമ്പോൾ ഇത്തരത്തിലുള്ള സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഞങ്ങൾക്കെതിരെ നൽകിയ കേസ് കോടതിയിലുണ്ട്. വാർത്തകളിലും ചർച്ചകളിലും പക്ഷപാതപരമായി നിലപാടെടുത്തിട്ടില്ല,” എം.ജി.രാധാകൃഷ്‌ണൻ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.